തിരുവനന്തപുരം: പൊതുരംഗത്തുനിന്ന് വി.എസ്. അച്യുതാനന്ദൻ പൂർണമായി മാറിനിന്ന ശേഷം കേരളം കടന്നുപോകുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. സംസ്ഥാനത്തെ ഇടതുരാഷ്ട്രീയ ചരിത്രത്തിൽ ഇ.എം.എസിനും ഇ.കെ. നായനാർക്കും ശേഷം പാർലമെൻററി മേഖലയിൽ പതിറ്റാണ്ടിലേറെ സി.പി.എമ്മിെൻറയും എൽ.ഡി.എഫിെൻറയും മുഖമായി മാറിയ നേതാവ്.
2019 ഒക്ടോബറിൽ നടന്ന വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പായിരുന്നു പ്രചാരണരംഗത്തെ അവസാനത്തെ വി.എസിെൻറ മാസ് എൻട്രി. പിന്നീട്, അസുഖബാധിതനായി ചികിത്സക്കുശേഷം വീട്ടിൽ വിശ്രമം, തുടർന്ന് കോവിഡ് ബാധ സംസ്ഥാനത്ത് രൂക്ഷമായതോടെ ആരോഗ്യ കാരണങ്ങളാൽ എല്ലാ പൊതുചടങ്ങുകളിൽനിന്ന് അകന്ന് തിരുവനന്തപുരത്തെ 'വേലിക്കകത്ത്' വീട്ടിൽ 97ാം വയസ്സിലും എല്ലാം കണ്ടും കേട്ടും വിശ്രമ ജീവിതത്തിലാണ് വി.എസ്. തുടർഭരണത്തിനായി എൽ.ഡി.എഫ് മത്സരിക്കുേമ്പാൾ വി.എസിൽനിന്ന് പിണറായി വിജയൻ എന്ന നേതാവിലേക്കുള്ള ദൂരം സി.പി.എം അളന്നെടുക്കുകയാണ്.
പ്രചാരണരംഗത്ത് സി.പി.എം ഒാരോ ദിവസവും പുതിയ പുതിയ വെല്ലുവിളികൾ നേരിടുേമ്പാൾ അണികൾ ഒാർക്കുന്നത് ആ പഴയ വി.എസ് ദിനങ്ങളാണ്. നീട്ടിയും കുറുക്കിയും ചാട്ടുളിപോലെ തുളക്കുന്ന വാചകങ്ങളിൽ അദ്ദേഹം എതിരാളികളെ അപ്രസക്തരാക്കി ഒാരോ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് അജണ്ട നിശ്ചയിച്ചുനൽകിയിരുന്നു. വി.എസ് നിറഞ്ഞാടിയ 1996 മുതൽ 2016 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിെൻറ ആളെക്കൂട്ടൽ യന്ത്രം കൂടിയായിരുന്നു ആ മുഖം. ആ വാക്ശരങ്ങളിൽ മുറിവേറ്റ് വീണവരും അധികാര സോപാനങ്ങളിലേക്ക് വാഴ്ത്തപ്പെട്ടവരും ഏറെയാണ്.
മുൻകാലങ്ങളിൽ മത്സരരംഗത്തില്ലാതിരുന്നപ്പോഴും സി.പി.എം സംസ്ഥാന സെക്രട്ടറി, എൽ.ഡി.എഫ് കൺവീനർ എന്നീ നിലകളിൽ നേതൃപരമായ പങ്കു വഹിച്ചിരുന്നു. പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്ന നിലയിൽ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനുവേണ്ടി നേതൃത്വം നൽകിയ അദ്ദേഹം പാർട്ടിക്കതീതനായാണ് പ്രചാരണയോഗങ്ങളിൽ ആളെ കൂട്ടിയതും വോട്ട്പെട്ടിയിലേക്ക് വീഴ്ത്തിയതും. അതുകൊണ്ടുതന്നെയാണ് പാർട്ടി കമ്മിറ്റികളിൽ ആ രക്തത്തിനായി വാദിച്ചവർ തങ്ങളുടെ പ്രചാരണവേദിയിലേക്ക് വി.എസിനെ ഒന്നെത്തിക്കാൻ കാത്തിരുന്നതും.
എൽ.ഡി.എഫിന് കപ്പിനും ചുണ്ടിനുമിടയിൽ തുടർഭരണം നഷ്ടപ്പെട്ട 2011ലെ നിയമസഭ തെരഞ്ഞെടുപ്പിെൻറ താര പ്രചാരകനും വേറെ ആരുമായിരുന്നില്ല. 1957ലെ െഎക്യകേരളത്തിെൻറ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു വി.എസ്. 1965 മുതൽ 2016 വരെ 10 നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. അതിൽ ഏഴ് തവണയും വിജയിച്ചു. 1992-1996, 2001-2006, 2011-2016 നിയമസഭകളിൽ പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതൽ 2001 വരെ ഇടതുമുന്നണി കൺവീനറായും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.