മോദിയുടെ ഉറപ്പിനെപ്പറ്റിയാണ് രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത് -മോദി

തൃശ്ശൂര്‍: മോദിയുടെ ഉറപ്പിനെപ്പറ്റിയാണ് രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂർ തേക്കിൻകാട് മൈതാനത്തിൽ സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

‘രാജ്യത്തെ വികസിത രാഷ്‌ട്രമാക്കുമെന്ന് മോദി ഉറപ്പ് നല്‍കി. സ്വാതന്ത്ര്യം ലഭിച്ചശേഷം യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീശക്തിയെ പോരായ്മായി കണ്ടു. എന്നാല്‍ മോദി സര്‍ക്കാര്‍ നിങ്ങള്‍ക്കെല്ലാം അധികാരവും അവകാശവും ഉറപ്പാക്കി. നാരീശക്തി വന്ദന്‍ നിയമം പ്രാവര്‍ത്തികമാക്കി. സ്ത്രീ ശാക്തികരണം, വനിതാ സംവരണ ബില്‍, മുത്തലാഖില്‍ നിന്നും മുസ്‍ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് മോചനം എന്നിവ മോദി ഉറപ്പ് നല്‍കി. അതും മോദി സര്‍ക്കാര്‍ പാലിച്ചു’ -മോദി പറഞ്ഞു.

ഭാരത് മാതാ കി ജയ് വിളിച്ചാണ് പ്രധാനമന്ത്രി പ്രസംഗത്തിന് തുടക്കം കുറിച്ചത്. തന്നെ അനുഗ്രഹിക്കാനായി എത്തിയ കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു. ഇന്നലെ മന്നത്ത് പദ്മനാഭന്റെ ജന്മദിനമായിരുന്നുവെന്നും അനുസ്മരിച്ചു.

‘ഏറ്റവും വലിയ ഭാഗ്യമാണ് ഭഗവാന്‍ ശിവന്റെ ഭൂമിയായ വാരാണസിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ആകാന്‍ സാധിച്ചത്. ഞാന്‍ ശിവഭക്തനാണ്. ഇവിടെ വടക്കുംനാഥ ക്ഷേത്രത്തില്‍ ശിവന്റെ അനുഗ്രഹമുണ്ട്. തൃശൂര്‍ പൂരം രാജ്യം മുഴുവന്‍ പ്രസിദ്ധമാണ്. വീരനാച്ചിയാരുടെയും മഹാരാഷ്‌ട്രയില്‍ നിന്നുള്ള സാവിത്രി നാഥ് ഫൂലേയുടെയും ജന്മദിനമാണിന്ന്. അവരേയും അനുസ്മരിക്കുകയാണ്. കേരളത്തിന്റെ മണ്ണും ഇത്തരത്തിലുള്ള നിരവധി വീരപുത്രിമാര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. അവര്‍ ഈനാടിന്റെസ്വാതന്ത്ര്യത്തിനായി നല്‍കിയിട്ടുള്ള പങ്ക് വലുതാണ്.

അക്കമ്മ ചെറിയാന്‍, എ.വി. കുട്ടിമാളു അമ്മ, റോസമ്മ ചെറിയാന്‍ എന്നിങ്ങനെ പോകുന്നു. കാര്‍ത്യായനി അമ്മയും ഭാഗീരഥി അമ്മയും വിദ്യാഭ്യാസത്തിന് പ്രായം ഒരു തടസ്സല്ലെന്ന് തെളിയിച്ചു. നഞ്ചിയമ്മ തന്റെ കലാ പ്രാവീണ്യത്തില്‍ ദേശീയ അവാര്‍ഡ് നേടി. പി.ടി. ഉഷ അഞ്ജു ബോബി ജോര്‍ജ് എന്നിവരും കായികരംഗത്ത് അവരുടെ ശക്തി തെളിയിച്ചു.

ബി.ജെ.പിക്ക് നാല് വിഭാഗമാണുള്ളത്: ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പദ്ധതികളുടെ ഫലം കൂടുതലും ഈ വിഭാഗത്തിലുള്ളവര്‍ക്കാണ് ലഭിച്ചിട്ടുള്ളത് ഇടതുപക്ഷ കോണ്‍ഗ്രസ് ഭരണത്തില്‍ സ്ത്രീകൾക്ക് അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍പ്പോലും ലഭ്യമായിരുന്നില്ല. ഇവയെല്ലാം പരിഹരിക്കുമെന്ന് മോദി ഉറപ്പ് നല്‍കി. അത് പാലിച്ചു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 10 കോടി ജനങ്ങള്‍ക്ക് ഉജ്ജ്വല പദ്ധതി പ്രകാരം ഗ്യാസ് നല്‍കി. 11 കോടി ജനങ്ങള്‍ക്ക് പൈപ്പ് വെള്ളം, 12 കോടി ജനങ്ങള്‍ക്ക് ശൗച്യാലയം, 1 രൂപയ്‌ക്ക് സാനിറ്ററി പാഡ്, കേരളത്തിലെ 80 ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കി. പ്രസവാവധി 26 ആഴ്ചയാക്കി. 30 കോടിയിലധികം പേര്‍ക്ക് മുദ്രാ ലോണ്‍, സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അവസരം. ഇതെല്ലാം മോദി നല്‍കിയ വാഗ്ദാനങ്ങളാണ്. വരും ദിനങ്ങളില്‍ രാജ്യത്തെ വനിതകള്‍ക്കെല്ലാം വന്‍ അവസരങ്ങളാണ് കാത്തിരിക്കുന്നത്. സ്ത്രീശക്തി സുപ്രധാന ശക്തിയായി മാറണം. അതിനായി അവസരങ്ങളുടെ കലവറയുണ്ട്. പ്രധാനമന്ത്രി വിശ്വകര്‍മ്മയോജനയില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കും, പെണ്‍കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുമെന്നും മോദി ഉറപ്പ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രി അവാസ് യോജനയില്‍ എല്ലാവര്‍ക്കും വീടും ലഭ്യമാക്കുന്നുണ്ട്.

കേരളത്തില്‍ നിന്നും നിരവധിയാളുകളാണ് പഠിക്കാനും ജോലിക്കുമായി വിദേശത്തേക്ക് പോയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തില്‍ നിരവധി ദുരിത അവസരങ്ങളിലൂടെ ലോകം കടന്നുപോയിട്ടുണ്ട്. യുക്രൈന്‍ സംഘര്‍ഷം, സുഡാന്‍, ഗസ്സ എന്നിവിടങ്ങളിലെ സംഘര്‍ഷം ഏതുമാകട്ടെ. കേരളത്തിലെ നഴ്‌സുമാര്‍ ഇറാഖില്‍ പെട്ട് പോയപ്പോള്‍ ബിജെപി സര്‍ക്കാര്‍ അവരെ നാട്ടിലെത്തിച്ചു.

കേരളത്തില്‍ വളരെക്കാലമായി എല്‍ഡിഎഫും യുഡിഎഫും ഭരിച്ചുവരികയാണ്. പേരില്‍ മാത്രമാണ് ഇവർ രണ്ട് പാര്‍ട്ടികൾ. എന്നാല്‍, അഴിമതിയിലും പ്രവര്‍ത്തനങ്ങളിലും കുടുംബാധിപത്യത്തിലും യാതൊരു മാറ്റവും ഇല്ല. ഇന്‍ഡ്യ മുന്നണിയുണ്ടാക്കി ഇപ്പോള്‍ അവര്‍ ഒന്നിച്ചായിരിക്കുകയാണ്. കേരളത്തില്‍ വികസനം വേണമെങ്കില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എൻ.ഡി.എ സഖ്യത്തിന് മാത്രമേ സാധിക്കൂവെന്ന് ഇന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    
News Summary - The entire nation is discussing Modi's guarantee- Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.