കോട്ടയം: ഗിന്നസ് റെക്കോഡായി സംഘടിപ്പിച്ച കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടി വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടൻ ഗിന്നസ് പക്രു. ഗിന്നസ് റെക്കോഡിന്‍റെ പേരിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഗിന്നസ് പക്രു ആവശ്യപ്പെട്ടു.
ഗിന്നസ് ബുക്കിൽ കയറിക്കഴിഞ്ഞാൽ സാമ്പത്തിക ലാഭമുണ്ടെന്നാണ് പലരുടെയും വിചാരം. ഇക്കാര്യം തന്നോട് പലരും ചോദിക്കാറുണ്ട്. ഗിന്നസ് റെക്കോഡ് കിട്ടിയത് കൊണ്ട് സാമ്പത്തിക ലാഭമില്ല. കാര്യങ്ങൾ അറിയാവുന്ന പലരും തട്ടിപ്പിൽ പെടാറുണ്ട്. ഗിന്നസ് റെക്കോഡിനായി പണം കൊടുത്ത പലരും ചതിക്കപ്പെടാറുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് ആയിരിക്കും പലർക്കും ലഭിക്കാറുള്ളത്.
ഗിന്നസ് റെക്കോഡ് നേടുക എളുപ്പമല്ല. റെക്കോഡുകൾ ഒരു ക്രെഡിറ്റ് മാത്രമാണ്. അതുകൊണ്ട് പ്രത്യേക ഗുണമില്ല. റെക്കോഡുകൾ ബ്രേക്ക് ചെയ്യപ്പെടാനുള്ളത്. ഒരു സർട്ടിഫിക്കറ്റ് ആയി കൈയിൽവെക്കാം എന്നത് മാത്രമാണ് റെക്കോഡ് എന്നും ഗിന്നസ് പക്രു പറഞ്ഞു.
ആൾക്കൂട്ടത്തിന്‍റെ പരിപാടി സംഘടിപ്പിക്കുമ്പോൾ ആവശ്യമായ മുൻകരുതൽ വേണം. സുരക്ഷാവീഴ്ച സംഭവിക്കുന്നത് നിർഭാഗ്യകരമാണ്. സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഗിന്നസ് പക്രു വ്യക്തമാക്കി.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ കെട്ടിയ താൽക്കാലിക സ്റ്റേജിൽ നിന്ന് വീണ് തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ഗുരുതര പരിക്കേറ്റിരുന്നു. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന എം.എൽ.എ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.