തൊടുപുഴ: വിവാഹിതനാണെന്ന് മനസ്സിലാക്കി കാമുകി ബന്ധത്തിൽനിന്ന് പിന്മാറിയതോടെ പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം. കോലാനി സ്വദേശി ജോജോ ജോർജാണ് (28) തൊടുപുഴ പൊലീസ് സ്റ്റേഷന് സമീപം പുഴയിൽ ചാടിയത്. പൊലീസും അഗ്നിരക്ഷ സേനയും രണ്ട് മണിക്കൂർ ശ്രമിച്ചാണ് ഇയാളെ രക്ഷിച്ചത്.
ഇടുക്കി സ്വദേശിനിയായ യുവതിയുമായി ജോജോ പ്രണയത്തിലായിരുന്നു. വീടുവിട്ടിറങ്ങിയ യുവതി നവംബർ 11 മുതൽ ജോജോക്കൊപ്പം കോലാനിയിലായിരുന്നു താമസം. എന്നാൽ, യുവാവ് നേരത്തെ വിവാഹിതനാണെന്നറിഞ്ഞതോടെ യുവതി ബന്ധത്തിൽനിന്ന് പിന്മാറുകയും തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി മാതാപിതാക്കൾക്കൊപ്പം പോകുകയും ചെയ്തു. ഇതോടെണ് ജോജോ പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് യുവാവ് പാലത്തിൽനിന്ന് പുഴയിൽ ചാടിയത്. ഇതുകണ്ട വഴിയാത്രക്കാർ ഉടൻ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയെങ്കിലും ശക്തമായ ഒഴുക്കുള്ള പുഴയിലേക്കിറങ്ങാൻ സാധിച്ചില്ല. ഇതോടെ അഗ്നിരക്ഷ സേനയെ വിളിച്ചുവരുത്തി. ഈ സമയം ഒഴുക്കിൽപെട്ട് ഭയന്ന ജോജോ പാലത്തിന്റെ കോൺക്രീറ്റ് തൂണിൽ കയറിപ്പിടിച്ചു. അഗ്നിരക്ഷ സേന ഇയാളെ വല ഉപയോഗിച്ച് കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യ ശ്രമത്തിന് ജോജോക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.