വടകര: വടകരയിലെ ആർ.എം.പി.ഐ സ്ഥാനാർഥി കെ.കെ. രമക്ക് നല്ല കമ്യൂണിസ്റ്റുകാർ വോട്ട് ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വടകരയിൽ കെ.കെ. രമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
വടകരയിലെ ജനങ്ങൾ ഇരുകൈയ്യും നീട്ടിയാണ് രമയെ സ്വീകരിച്ചത്. ഉത്തമ സ്ഥാനാർഥിയായ രമക്ക് നല്ല കമ്യൂണിസ്റ്റുകാർ വോട്ട് ചെയ്യും. രമയെ യു.ഡി.എഫ് പിന്തുണച്ചത് ഉപാധികളില്ലാതെയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പാവപ്പെട്ട തൊഴിലാളി വർഗത്തിന്‍റെ പേരിൽ അധികാരത്തിൽ വന്നവർ മുതലാളിത്തത്തിന്‍റെ പാതയിലാണ്. ഭരണാധികാരികളുടെ സുഹൃത്തുക്കൾ പാവപ്പെട്ടവരല്ല. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിണറായിയിലേക്ക് മുഖ്യമന്ത്രിക്ക് പോകണമെങ്കിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ പൊലീസുകാരും വേണം. ഇതിന് പിണറായി ഹിറ്റ്ലറോ മുസോളിനിയോ ആണോ എന്നും മുല്ലപ്പള്ളി ചോദിച്ചു.
പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ല. ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രിയാണ്. അന്യന്‍റെ ചട്ടിയിൽ നിന്നാണ് ഇവിടെ പലരും കൈയ്യിട്ട് വാരുന്നത്. പട്ടിണിയും പരിവട്ടവുമായി ജീവിച്ച ആളുകൾ ഇപ്പോൾ രാജകീയ ജീവിതമാണ് നയിക്കുന്നത്. അത് തുറന്നു കാട്ടിയതാണോ തെറ്റെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.