ജസ്റ്റിസ് ഹേമ കമീഷനായി സർക്കാർ ചെലവഴിച്ചത് ഒരു കോടി ആറ് ലക്ഷം; ഒരു കോടിയും കൈപ്പറ്റിയത് ജസ്റ്റിസ് ഹേമ

പ്രമുഖ നടൻ ബലാത്സംഗം ചെയ്ത് ദൃശ്യം പകർത്താൻ ക്വട്ടേഷൻ കൊടുത്തതിനെ തുടർന്ന് നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമീഷന്റെ ചെലവ് കണ്ടാൽ ആരും ആശ്ചര്യപ്പെട്ടുപോകും. ജസ്റ്റിസ് ഹേമ കമ്മീഷനായി സർക്കാർ ചെലവാക്കിയത് ഒരു കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖ. ഇതിൽ ഒരു കോടി മൂന്ന് ലക്ഷം രൂപയും കൈപപററിയിരിക്കുന്നത് ജസ്റ്റിസ് ഹേമ തനിച്ചാണ്.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന വിമർശനങ്ങൾക്കിടെയാണ് ചെലവിന്‍റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വന്നത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 2017 ജൂലൈയിൽ സര്‍ക്കാര്‍ മൂന്നംഗ കമ്മീഷനെ നിയമിച്ചു ഉത്തരവിട്ടത്. 2017 മുതൽ 2020 വരെയുള്ള ഈ കാലയളവിൽ 1 കോടി 6 ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപ കമ്മീഷന്‍റെ പ്രവർത്തനങ്ങൾക്കായി സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കിയെന്നാണ് സാംസ്കാരിക വകുപ്പ് നൽകിയ വിവരാവകാശ രേഖയിൽ ഉള്ളത്.

2020 മാർച്ച് 31ന് 60 ലക്ഷം രൂപയും അതിനുമുമ്പ് നാലു തവണകളിലായി അഞ്ചു ലക്ഷം രൂപ വീതവും, 5 തവണകളിലായി 23,22,254 രുപയും കൈപ്പറ്റിയെന്ന് സാംസ്കാരിക വകുപ്പ് നൽകിയ രേഖ വ്യക്തമാക്കുന്നു. 1,03,22,254 രൂപ ജസ്റ്റിസ് ഹേമ തന്നെയാണ് കൈപ്പറ്റിയിരിക്കുന്നത്. പ്രമുഖരുടെ അടക്കം പേരുള്ളതിനാലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് കോടികൾ വരുന്ന കമ്മീഷന്‍റെ ചെലവിന്‍റെ വിവരങ്ങൾ പുറത്തു വന്നത്. കമീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് സിനിമ മേഖലയിലെ വനിതകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ കേട്ട മട്ടില്ല. 

Tags:    
News Summary - The government spent Rs 1 crore 6 lakh on the Justice Hema Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.