കൊച്ചി: എത്ര പറഞ്ഞിട്ടും പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്കും കൊടികൾക്കും കുറവില്ലെന്ന് ഹൈകോടതി. നവ കേരളത്തിന് ആവശ്യമില്ലാത്തതാണ് ഇത്രയധികം കൊടികളും ബോർഡുകളും മറ്റും. എന്തിനാണ് ഇങ്ങനെ ബോർഡ് വെക്കുന്നത്. തെരഞ്ഞെടുപ്പ് വന്നാൽ നാട്ടിൽ പത്ത് ബോർഡുകൾ അധികംവരും. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇങ്ങനെയില്ല. സ്വന്തം മുഖം കാണാനുള്ള താൽപര്യം മാത്രമാണിതിനുപിന്നിൽ.
നിലവിൽ ചില സംഘടന ഭാരവാഹികളുടെ ചിത്രങ്ങളാണ് റോഡിൽ മുഴുവൻ. എല്ലാവരും ചിരിച്ച് നിൽക്കുകയാണ്. ഈ ബോർഡുകൾക്ക് എന്താണ് പിഴ ഈടാക്കാത്തതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പാതയോരങ്ങളിലെ അനധികൃത ബോർഡുകളും കൊടികളും നീക്കംചെയ്യണമെന്ന ഹരജികളാണ് കോടതി പരിഗണിക്കുന്നത്.
എല്ലാ റോഡുകളിലൂടെയും താൻ പോകുന്നുണ്ട്. ചിലയിടത്തൊക്കെ കൊടി അഴിച്ചുമാറ്റിയാലും കമ്പ് അങ്ങനെത്തന്നെ നിൽക്കുന്ന അവസ്ഥയുണ്ട്. സർക്കാർ ഏജൻസികൾതന്നെ നിയമം ലംഘിക്കുകയാണ്.
അനധികൃത ബോർഡുകളും മറ്റും സംബന്ധിച്ച എത്ര കേസിൽ നടപടി സ്വീകരിച്ചെന്നും എത്ര രൂപ പിഴയായി ഈടാക്കിയെന്നും അറിയിക്കാൻ നിർദേശിച്ച കോടതി, ഇതിനെതിരെ നടപടി സ്വീകരിക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയിലെ അംഗങ്ങളെ വിളിച്ചുവരുത്തേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി. അടുത്തയാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.