പീരുമേട്: വിനോദയാത്രക്കെത്തിയ അധ്യാപക സംഘത്തിന്റെ സമയോചിത ഇടപെടലിൽ അഗ്നിക്കിരയാകാതെ കാത്തത് ക്രിസ്തുരാജിന്റെ വീട്. ഞായറാഴ്ച രാവിലെ 9.30ന് ഏലപ്പാറ കാവക്കുളത്താണ് സംഭവം. കാവക്കുളം ക്രിസ്തുരാജിന്റെ വീടിനാണ് തീപിടിച്ചത്.
കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ ട്രാവലറിൽ വരുമ്പോഴാണ് റോഡരികിലെ വീടിനോട് ചേർന്ന് പുക ഉയരുന്നത് കാണുന്നത്. വാഹനം നിർത്തി പരിശോധിക്കുമ്പോൾ വീടിന്റെ പിറകുവശത്തെ അടുപ്പിൽനിന്ന് വിറകുപുരക്കും തുടർന്ന് വീടിനും തീപിടിക്കുന്നതാണ് കാണുന്നത്. ഒരുനിമിഷം പോലും പാഴാക്കാതെ അടുത്ത വീടിന്റെ മുന്നിൽ ഡ്രമ്മിലിരുന്ന വെള്ളം ശേഖരിച്ച് തീ കെടുത്താനാരംഭിച്ചു.
വീടിന്റെ മേൽക്കൂരയും ഭാഗികമായി കത്തി. ആസ്ബസ്റ്റോസ് ഷീറ്റിന് മുകളിലുണ്ടായിരുന്ന പുല്ലിലും തീപടർന്നു. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവർ തീ പൂർണമായും അണച്ചത്.
സ്കൂളിലെ അധ്യാപകന്റെ വിരമിക്കൽ ചടങ്ങിനോടനുബന്ധിച്ച് വാഗമണിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയതാണ് 20 അംഗ അധ്യാപകസംഘം. മടക്കയാത്രക്കിടെയാണ് വീട് കത്തുന്നത് കാണുന്നത്. അധ്യാപകർ തീ അണച്ചതിനുപിന്നാലെ തൊട്ടടുത്ത പള്ളിയിൽ കുർബാനക്ക് പോയ ക്രിസ്തുരാജും പള്ളി വികാരി ഫാ. എ.ടി. ജോണും സമീപവാസികളും എത്തി അധ്യാപകർക്ക് നന്ദി അറിയിച്ചു. വീടിന്റെ വെളിയിൽ അടുപ്പിൽ വെള്ളം തിളപ്പിക്കാൻ വെച്ചതിനുശേഷമാണ് ക്രിസ്തുരാജും കുടുംബവും പള്ളിയിൽ പോയത്.
അടുപ്പിന് സമീപം വിറക് സംഭരിച്ചുവെച്ചതിലേക്കും ഇതിൽനിന്ന് വീടിന്റെ മേൽക്കൂരയിലേക്കും തീ പടരുകയായിരുന്നു. അഗ്നിബാധ നിയന്ത്രിച്ചതിനാൽ പാചകവാതക സിലിണ്ടർ അടക്കം തീപിടിക്കാതെ വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. സ്കൂളിലെ നാഷനൽ സർവിസ് സ്കീം ജില്ല കോഓഡിനേറ്റർ ബിന്ദു, പ്രോഗ്രാം ഓഫിസർമാരായ നൗഷീർ അലി, ഫബീന ബീഗം, പ്രിൻസിപ്പൽ ഹമീദ് മാസ്റ്റർ, അധ്യാപകരായ മനോജ്, അബ്ദുൽഗഫൂർ, സാജിദലി, ആസിഫ്, ഡ്രൈവർ അബ്ദുൽ ലത്തീഫ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തങ്ങളുടെ വിനോദയാത്രകൊണ്ട് ഒരു വീട് സംരക്ഷിക്കാൻ കഴിഞ്ഞെന്ന ചാരിതാർഥ്യത്തോടെയാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.