തിരുവനന്തപുരം:മറ്റൊരാളുടെ ജീവൻ അപകടപ്പെടുത്തിക്കൊണ്ടല്ല റോഡ് വികസനം സാധ്യമാക്കേണ്ടതെന്ന് മനുഷ്യാവകാശ കമീഷൻ. നടക്കാൻ പോലുമാവാത്ത ഭിന്നശേഷിക്കാരന്റെ വീടിരിക്കുന്ന സ്ഥലത്ത് നിന്ന് റോഡ് നിർമ്മാണത്തിനു വേണ്ടി അശാസ്ത്രീയമായി മണ്ണെടുത്തത് കാരണം വീട് അപകടത്തിലായെന്ന പരാതിയിലാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.
കേരള സർക്കാരിന്റെ മലയോര ഹൈവേ പദ്ധതി പ്രകാരം നിർമ്മിക്കുന്ന പുനലൂർ -ഇലവുപാലം റോഡിന്റെ നിർമ്മാണത്തോടനുബന്ധിച്ചാണ് നെടുമങ്ങാട് മടത്തറ മേലെമുക്ക് സ്വദേശി ബിനുവിന്റെ വീട് അപകടത്തിലായത്. മണ്ണിടിച്ചാൽ സമീപത്തെ വീടുകൾ അപകട ഭീഷണിയിലാവുമെന്ന് മനസിലാക്കിയിട്ടും അതിന് അനുമതി നൽകിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് പൂർണ ഉത്തരവാദിയെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
രണ്ട് മാസത്തിനകം പരാതിക്കാസ്പദമായ റോഡിന്റെ പാർശ്വഭിത്തി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി പരാതിക്കാരന്റെ വീടിന്റെ അപകടാവസ്ഥ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. ഇതിനാവശ്യമായ നിർദേശം ദുരന്ത നിവാരണ സമിതിയുടെ അധ്യക്ഷൻ എന്ന നിലയിൽ തിരുവനന്തപുരം ജില്ലാ കലക്ടർ നൽകണമെന്നും ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം തിരുവനന്തപുരം കലക്ടറും കേരള റോഡ് ഫണ്ട് ബോർഡ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറും കമീഷനിൽ സമർപ്പിക്കണം.
അപകടാവസ്ഥ ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് ആർ.ഡി.ഒ 2020 മാർച്ച് 16 ന് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടും അധികൃതർ നിശബ്ദത പാലിച്ചതായി കമീഷൻ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.