പയ്യോളി: പുതുവത്സരാഘോഷ പരിപാടിക്കിടെ യുവാവിന് പൊലീസ് മർദനമേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച. പയ്യോളി കൊളാരിത്താഴ റഹീമിന്റെ മകൻ മുഹമ്മദ് ജാസിഫിനാണ് (26) കഴിഞ്ഞ ഡിസംബർ 31ന് അർധരാത്രിയോടെ വയനാട് മേപ്പാടിയിലെ പുതുവത്സരാഘോഷ പരിപാടിക്കിടയിൽ പൊലീസ് മർദനത്തിൽ ഗുരുതര പരിക്കേറ്റത്.
17 ദിവസത്തോളം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടിയ ജാസിഫ്, സംഭവം നടന്ന് രണ്ടരമാസം കഴിഞ്ഞിട്ടും പൂർണസുഖം പ്രാപിക്കാതെ വീട്ടിൽ കിടപ്പിലാണ്. പരിക്കേറ്റ് കിടപ്പിലായത് കാരണം കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടപ്പെട്ട് ദുരിതം പേറുകയാണ് ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ജാസിഫിന്റെ കുടുംബം.
സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ജാസിഫിന്റെ മാതാവ് ഫൗസിയ ജനുവരി 12ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്ക് അയച്ച ഉത്തരവിലുണ്ട്.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കണമെന്നും നടപടി സംബന്ധിച്ച് ഇ-മെയിൽ വഴി പരാതിക്കാരിക്ക് മറുപടി നൽകണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, ഇവരുടെ മൊഴി രേഖപ്പെടുത്താൻപോലും തയാറാവാതെ മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ തന്നെ അന്വേഷിച്ച് റിപ്പോർട്ട് പരാതിക്കാരിക്ക് അയച്ചുകൊടുക്കുകയായിരുന്നു.
പുതുവത്സരാഘോഷ പരിപാടി സമാപിച്ച ശേഷം 12.30ഓടെ പൊലീസെത്തി ആളുകളെ ഗ്രൗണ്ടിൽ നിന്ന് ഒഴിപ്പിക്കുമ്പോൾ ഓടിയ ജാസിഫ് ഗ്രൗണ്ടിന്റെ വശത്തെ കല്ലുകൾ നിറഞ്ഞ ചാലിലേക്കുവീണ് പരിക്കേൽക്കുകയായിരുന്നുവെന്നാണ് മേപ്പാടി പൊലീസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ജാസിഫിനെ ചികിത്സിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹത്തിന് ഒരു കുഴപ്പവും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവം നടന്ന സ്ഥലത്തുവെച്ച് കണ്ടാലറിയാവുന്ന മറ്റൊരാളുമായി ജാസിഫ് അടിപിടി നടത്തിയതിന് മേപ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുപകരം വാദിയെ പ്രതിയാക്കുന്ന പൊലീസ് നിലപാടിനെതിരെ നിയമ പോരാട്ടത്തിന് തയാറെടുക്കുകയാണെന്ന് ജാസിഫിന്റെ കുടുംബം പറഞ്ഞു.
വിഷയത്തിൽ പയ്യോളിയിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.