മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ ഇ.ഡി കേസേടുത്ത് അന്വേഷണം തുടങ്ങി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്​മെന്‍റ്​ ഡയറക്ടറേറ്റ് കേസ്​ രജിസ്റ്റർ ചെയ്തു​. ഇ.ഡി കൊച്ചി യൂനിറ്റാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ഇ.ഡി, എൻഫോഴ്സ്​മെന്‍റ്​ കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തു.

കേന്ദ്ര സർക്കാറിന്‍റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്‍റെയും (എസ്.എഫ്.ഐ.ഒ) ആദായ നികുതി വകുപ്പിന്‍റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് സൊലൂഷന്‍സ്, കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍), സർക്കാർ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി അടക്കം അന്വേഷണ പരിധിയിൽ വരും. ഇവരുടെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി പരിശോധിക്കും. ആരോപണവിധേയർക്ക് ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം.

മാസപ്പടി വിവാദത്തിൽ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ ഹൈകോടതി, അന്വേഷണത്തിൽനിന്ന് കെ.എസ്.ഐ.ഡി.സിക്ക് മാറിനിൽക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. കരിമണല്‍ കമ്പനിയായ സി.എം.ആർ.എല്ലില്‍നിന്ന് എക്സാലോജിക്​ കമ്പനി സേവനം നൽകാതെ ലക്ഷങ്ങൾ കൈപ്പറ്റി​യെന്ന കേസ്​ എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നതിനിടെയാണ്​ ഇപ്പോൾ ഇ.ഡിയും കേസെടുത്തിരിക്കുന്നത്.

മാസപ്പടി കേസിലെ കള്ളപ്പണ ഇടപാടുകൂടി പരിശോധിക്കുന്നതിനാണ്​ ഇ.ഡിയുടെ അന്വേഷണം. കേസുമായി ബന്ധപ്പെട്ട്​ കേരളത്തിൽ മാത്രം 12 സ്ഥാപനങ്ങൾക്കാണ്​ എസ്.എഫ്.ഐ.ഒ നോട്ടീസ് ലഭിച്ചത്. എക്സാലോജിക് സൊലൂഷൻസിന്‍റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എസ്.എഫ്.ഐ.ഒ പരിശോധിച്ചിരുന്നു. ഈ പരിശോധന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ നോട്ടീസ് അയച്ചത്.

എക്സാലോജിക്കുമായി എന്തുതരം ഇടപാടാണ്​ നടത്തിയതെന്നതാണ്​ ഇതിലെ പ്രധാന ചോദ്യം. ഉൽപന്നമോ സേവനമോ നൽകിയതിന് എക്സാലോജിക്കുമായി ഏർപ്പെട്ട കരാറിന്‍റെ പകർപ്പ്, വർക്ക് ഓർഡർ, ഇൻവോയ്സ് എന്നിവയുടെ പകർപ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട കമ്പനികളിൽനിന്ന്​ രേഖകൾ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് 217 (2) പ്രകാരമാണ് നോട്ടീസ്.

2016-17 മുതലാണ് എക്സാലോജിക്കിന്​ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സി.എം.ആർ.എൽ അക്കൗണ്ട് വഴി പണം കൈമാറിയത്. ഐ.ടി അനുബന്ധ സേവനത്തിനാണ്​ പണം നൽകിയതെന്നാണ്​ ഇരു കമ്പനിയുടെയും വാദം. ഈ കാലഘട്ടത്തിൽ പത്തിലധികം സ്ഥാപനങ്ങൾ എക്സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാട്​ നടത്തിയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

നല്‍കാത്ത സേവനത്തിന് എക്സാലോജിക് സൊലൂഷന്‍സിന്​ സി.എം.ആര്‍.എല്‍ പ്രതിഫലം കൈമാറിയെന്ന ഇന്‍ററീം സെറ്റില്‍മെന്‍റ്​ ബോര്‍ഡിന്‍റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. എക്‌സാലോജിക് സൊലൂഷന്‍സ് 1.72 കോടി കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. 2017 -2020 കാലയളവിലാണ് സി.എം.ആര്‍.എല്‍ പണം നല്‍കിയതെന്നും ഇന്‍ററിം സെറ്റില്‍മെന്‍റ്​ ബോര്‍ഡിന്‍റെ കണ്ടെത്തലിലുണ്ടായിരുന്നു.

Tags:    
News Summary - The Income Tax Department's investigation into the 'Masapadi' case involving the Chief Minister's children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.