റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ

ലാൻഡ് റവന്യൂ കമീഷണറേറ്റിൽ ഇനി സ്വന്തം ലോ ഓഫിസർ

തിരുവനന്തപുരം: ലാൻഡ് റവന്യൂ കമീഷണറേറ്റിൽ ലോ ഓഫീസറെ നിയമിക്കാൻ ഉത്തരവ്. അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഒരു ലോ ഓഫീസർ തസ്തിക സൃഷ്ടിക്കുന്നതിനുള്ള തുടർനടപടി പൊതു ഭരണ വകുപ്പ് സ്വീകരിക്കണമെന്നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവ്.

ഇതിനായി ലാൻഡ് റവന്യൂ കമ്മിഷണറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ധനവകുപ്പിന്റെ അനുമതിയോടെ റവന്യൂ വകുപ്പിൽ താരതമ്യേന അപ്രസക്തമായ രണ്ട് തസ്തികകൾ നിർത്തലാക്കി. അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത രീതിയിലാണ് നിയമനം.

സർക്കാർ വകുപ്പുകളിൽ കൂടുതൽ നിയമങ്ങളും നിയമപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നത് റവന്യൂ വകുപ്പിലാണ്. ഭൂസംരക്ഷണം, ഭൂമി കൈമാറ്റം, ഭൂമി ഏറ്റെടുക്കൽ, ബിൽഡിങ് ടാക്സ്, റിവർ മാനേജ്മെന്റ്, ധാതു ഖനനം, റവന്യൂ റിക്കവറി, നെൽവയൽ നിയമം, വ്യക്തി നിയമങ്ങൾക്ക് അനുസൃതമായ പിന്തുടർച്ച തുടങ്ങിയ വിഷയങ്ങളിൽ ധാരാളമായി ഫയലുകളും കോടതി കേസുകളും കൈകാര്യം ചെയ്യേണ്ടി വരുന്നു. ഇതോടൊപ്പം റവന്യൂ പിരിച്ചെടുക്കുന്ന വകുപ്പെന്ന നിലയിൽ ഹൈകോടതിയിൽ സർക്കാർ കക്ഷിയായ കേസുകളിൽ കൂടുതലും റവന്യൂ വകുപ്പ് കക്ഷിയായ കേസുകളാണെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ച വ്യവഹാര നയത്തിന്‍റെ ഭാഗമായി മിക്കവാറും എല്ലാ വകുപ്പുകളിലും ലോ ഓഫീസർ തസ്തിക സൃഷ്ടിച്ചിരുന്നു. ഇതേ നയത്തിന്‍റെ ഭാഗമായി എല്ലാ കലക്ടറേറ്റിലും നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിമാരെ ലോ ഓഫീസർമാരായി നിയമിച്ചു. ഇവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് ലാൻഡ് റവന്യൂ കമീഷണറേറ്റിൽ ഒരു ലോ ഓഫീസർ ആവശ്യമാണ്.

സംസ്ഥാന ലാൻഡ് ബോർഡിലെ ലോ ഓഫീസർക്ക് അധിക ചുമതല നൽകുന്നത് അവിടത്തെ ജോലിഭാരം പരിഗണിച്ച് പ്രായോഗികമല്ല. അതിനാൽ ലാൻഡ് ബോർഡിലെ ലോ ഓഫീസർക്ക് ലാൻഡ് കമ്മീഷണറുടെ ലോ ഓഫീസറുടെ അധിക ചുമതല നൽകുന്നതിന് പകരം റവന്യൂ കമ്മീഷണറേറ്റ് ലോ ഓഫീസറുടെ ഒരു തസ്തിക സൃഷ്ടിച്ച് ഒരാളെ നിയമിക്കുന്നതാണ് ഉചിതമെന്ന് ലാൻഡ് റവന്യൂ കമീഷണർ ശിപാർശ ചെയ്തിരുന്നു.

1963ലെ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്ന പ്രവർത്തനമാണ് പ്രധാനമായും സംസ്ഥാന ലാൻഡ് ബോർഡ് നിർവഹിക്കുന്നത്. സംസ്ഥാനത്തെ 77 താലൂക്ക് ലാൻഡ് ബോർഡുകൾ, 67 ലാൻഡ് ട്രൈബ്യൂണലുകൾ, മൂന്നു അപ്പലേറ്റ് അതോറിറ്റികൾ എന്നിവ സംസ്ഥാന ലാൻഡ് ബോർഡിന്‍റെ മേൽനോട്ടത്തിലാണ്.

താലൂക്ക് ലാൻഡ് ബോർഡുകൾ, ലാൻഡ് ട്രൈബ്യൂണലുകൾ എന്നിവർക്ക് ആവശ്യമായ നിയമപരമായ മാർഗനിർദേശങ്ങൾ നൽകേണ്ടതും സംസ്ഥാന ലാൻഡ് ബോർഡാണ്. ലോ ഓഫീസർക്ക് നിർണായകമായ ചുതലയും ഉത്തരവാദിത്വങ്ങളുമാണ് ലാൻഡ് ബോർഡിൽ നിർവഹിക്കാനുള്ളത്. അതിനാൽ ഈ രണ്ടു സ്ഥാപനങ്ങളിലും ചുമതല സ്ഥിരമായി ഒരാൾക്ക് നൽകുന്നത് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് തടസമാണെന്ന് റിപ്പോർട്ട് ലഭിച്ചു. അതിനാലാണ് ലാൻഡ് റവന്യൂ കമീഷണറേറ്റിൽ പുതിയ തസ്തിക സൃഷ്ടിച്ചതെന്ന് ഉത്തരവിൽ പറയുന്നു.

Tags:    
News Summary - The Land Revenue Commissionerate now has its own law officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.