തിരുവനന്തപുരം: ഇടതുമുന്നണി ചരിത്രം വിജയം നേടുമെന്നാവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടിനോട് ഐക്യപ്പെടുകയാണെന്നും പ്രകടനപത്രികയിൽ സി.എ.എ ഉൾപ്പെടാത്തത് ഇതിന്‍റെ തെളിവാണെന്നും എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പച്ചക്കൊടി വരുമോ എന്ന് കണ്ട് ത്രിവർണക്കൊടി ഒഴിവാക്കിയാണ് കോൺഗ്രസിന്‍റെ പ്രചാരണം. ഇടതുപക്ഷത്തെയല്ലാതെ നാളെ ബി.ജെ.പിയാകാൻ കച്ചകെട്ടുന്ന കോൺഗ്രസിനെ വിജയിപ്പിക്കാനാകില്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി ഒരു സീറ്റും നേടില്ല. വിജയിക്കുകയോ രണ്ടാം സ്ഥാനത്ത് വരികയോ ചെയ്യാത്തവിധം ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. നേമത്ത് അക്കൗണ്ട് പൂട്ടിച്ചതുപോലെ ഒരു സീറ്റിലും രണ്ടാം സ്ഥാനത്തെത്താത്ത രീതിയിൽ ബി.ജെ.പിയെ തളക്കാനാകുമെന്നതും പ്രധാനമാണ്. മാധ്യമങ്ങൾ ഇടതുമുന്നണിയുടെ വിജയം പ്രതിഫലിപ്പിക്കാതിരിക്കുന്നത് ഉൾഭയം കൊണ്ടാണ്. ബൂത്ത് കേന്ദ്രീകരിച്ചായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണ സംവിധാനം. പരാജയം മണത്ത് ബി.ജെ.പിയും കോൺഗ്രസും പണവും മദ്യവും ഒഴുക്കുകയാണ്. പാവപ്പെട്ടവന്റെ വോട്ടിന് വില നിശ്ചയിക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കെ.കെ. ശൈലജക്കെതിരായ അശ്ലീല പ്രചാരണം യു.ഡി.എഫ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ്. മോർഫ് ചെയ്ത ചിത്രങ്ങളും എഡിറ്റ് ചെയ്ത വിഡിയോകളുമുൾപ്പെടെ കുടുംബഗ്രൂപ്പുകളിലേക്കയച്ച യു.ഡി.എഫിന്‍റെ അശ്ലീല സംഘത്തെ പുകഴ്ത്താനാണ് പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും തയാറായിട്ടുള്ളത്. കേരളത്തിൽ ജയിക്കുന്ന ആദ്യ സ്ഥാനാർഥിയും ശൈലജയായിരിക്കും.
മുസ്ലിം മതവിഭാഗത്തിനെതിരായ വർഗീയ കലാപം സംഘടിപ്പിക്കാനുതകുന്ന മതഭ്രാന്താണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. പച്ചയായ വർഗീയത പറയുന്ന പ്രവണതക്ക് സമനില തെറ്റിയെന്നല്ലാതെ മറ്റൊന്നും പറയാനാകില്ല. വർഗീയ കലാപത്തിനുള്ള ആഹ്വാനമാണിത്.
ജയിക്കാൻ പോകുന്നില്ലെന്ന തോന്നലാണ് ഇതിന് കാരണം. മതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിക്കെതിരായി പാർട്ടികൾ പരാതി നൽകിയിട്ടും തെരഞ്ഞെടുപ്പ് കമീഷൻ കണ്ടതേയില്ല. ഇലക്ഷൻ കമീഷൻ മോദിയും മോദിയുടെ അസിസ്റ്റന്‍റ് മന്ത്രിയും ചേർന്ന് തീരുമാനിച്ചവരാണ്. കേരള സ്റ്റോറി പ്രദർശിപ്പിച്ച ഘട്ടത്തിലും ഇതേ നിസ്സംഗത തന്നെയാണ് പ്രകടിപ്പിച്ചത്. ഭരണഘടന സ്ഥാപനങ്ങളെല്ലാം ആർ.എസ്.എസിന്‍റെ നിയന്ത്രണത്തിലാക്കിയതിന്‍റെ ഫലങ്ങളാണ് കാണുന്നത്.
മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം പ്രധാനമന്ത്രിയുടെ ആവശ്യത്തിന്റെ മറ്റൊരു പതിപ്പാണ്. പ്രതിപക്ഷ ഐക്യനിരയിലെ നേതാക്കൾക്കെതിരെ നിലപാട് കടുപ്പിക്കുന്ന ഏജൻസികളെ വെള്ള പൂശുന്നതിനുള്ള ഇടപെടലാണ് രാഹുൽ സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.