കൊച്ചി: ലൈംഗികാതിക്രമമല്ല, പ്രതിഫലം കൃത്യമായി കിട്ടാത്തതാണ് സിനിമ മേഖലയിലെ പ്രധാന പ്രശ്നമെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ പുറത്തുകൊണ്ടുവരണം. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പ്രതികളെ ശിക്ഷിക്കണം. പ്രതിസ്ഥാനത്തുള്ളവരെ ഒരിക്കലും സംരക്ഷിക്കില്ല. എന്നാൽ, പുകമറ സൃഷ്ടിച്ച് കുറ്റവാളികളല്ലാത്തവരെ കൂടി നാണം കെടുത്തുകയല്ല വേണ്ടത്. മാധ്യമങ്ങൾ ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ ദു:ഖമുണ്ട്. ജനങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്ന മേഖലയെ അടച്ചാക്ഷേപിക്കുന്നതും ഒറ്റപ്പെട്ട സംഭവങ്ങളെ ജനറലൈസ് ചെയ്യുന്നതും ശരിയല്ല. എല്ലാ തൊഴിലിടങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. കുറ്റവാളികൾക്കെതിരെ കേസെടുക്കാറുമുണ്ട്. എന്നാൽ, ആ തൊഴിൽ മേഖലയെ അടച്ചാക്ഷേപിക്കാറില്ല. രാഷ്ട്രീയക്കാർ അഴിമതി നടത്തിയാൽ രാഷ്ട്രീയക്കാർ മുഴുവൻ അഴിമതിക്കാരാണെന്ന് പറയാറില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ പവർ ഗ്രൂപ്പുള്ളതായി എനിക്കറിയില്ല. 10 വർഷം മുമ്പ് ഒരു ഹൈ പവർ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. ഓരോ സംഘടനയിലെ രണ്ടുപേരെ വെച്ചാണ് അത് രൂപവത്കരിച്ചത്. പ്രശ്നങ്ങൾ പൊതുവായി കേൾക്കാനും പരിഹരിക്കാനുമാണ് അതുണ്ടാക്കിയത്. അതത് കാലത്തെ ഭാരവാഹികളാണ് ഹൈപവർ കമ്മിറ്റിയിലുണ്ടാവുക. അതിപ്പോൾ നിലവിലില്ല. ഇതിനെ ഉദ്ദേശിച്ചാണോ പവർ ഗ്രൂപ്പ് എന്ന് പറയുന്നത് എന്നറിയില്ല.
സിനിമ രംഗത്തുള്ള വനിതകളുടെ ബുദ്ധിമുട്ടുകൾ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചത്. സുരക്ഷിതമായി ഈ തൊഴിലെടുക്കണമെന്നത് ഞങ്ങളുടെ അംഗങ്ങളുടെ ആവശ്യമാണ്. റിപ്പോർട്ടിലെ പല നിർദേശങ്ങളും ഞങ്ങൾക്ക് തന്നെയാണ് ഗുണകരമാകുന്നത്. മലയാള സിനിമ ഇൻഡസ്ട്രി വളരെ മോശമാണെന്ന രീതിയിലുള്ള റിപ്പോർട്ടിലെ വാചകങ്ങളോട് മാത്രമാണ് വിയോജിപ്പ്. പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യമില്ലെന്ന പരാതി ഒരുപാട് വർഷങ്ങൾക്ക് മുമ്പാണ് ഉണ്ടായിരുന്നത്. ആ കാലഘട്ടം മാറുകയും ഒരുപാട് മാറ്റങ്ങൾ വരുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.