തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ നിർദേശിക്കാൻ നിയോഗിച്ച മൂന്ന് കമീഷൻ അംഗങ്ങൾക്കും പ്രതിമാസം ലക്ഷം രൂപ വീതം ഒാണറേറിയം നൽകാൻ സർക്കാർ ഉത്തരവ്. ഒൗദ്യോഗിക യാത്രക്ക് വാഹനം റീ ഇംബേഴ്സ്മെൻറ് വ്യവസ്ഥയിൽ വാടകക്ക് ഉപയോഗിക്കാനും അനുമതി നൽകി. അനൗദ്യോഗിക അംഗങ്ങൾക്കായിരിക്കും ലക്ഷം രൂപ ഒാണറേറിയം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അംഗങ്ങൾക്ക് യാത്ര ചെയ്യുന്നതിന് ഇേക്കാണമി ക്ലാസ് വിമാനക്കൂലി അനുവദിക്കും. പരസ്യം, പ്രചാരണസാമഗ്രികൾ തുടങ്ങിയവക്ക് ആവശ്യമായ ചെലവും ലഭ്യമാക്കും. മൂന്ന് കമീഷനിലുമായി 17 അംഗങ്ങളാണുള്ളത്. മൂന്നുമാസമാണ് കാലാവധി നിശ്ചയിച്ചതെങ്കിലും നീട്ടി നൽകുന്നതാണ് പതിവ്. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ, സർവകലാശാല നിയമങ്ങളിൽ ഭേദഗതി നിർദേശിക്കാനുള്ള കമീഷൻ, പരീക്ഷ പരിഷ്കരണ ശിപാർശ സമർപ്പിക്കാനുള്ള കമീഷൻ എന്നിവയാണ് സർക്കാർ നിയോഗിച്ചത്.
ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷൻ പ്രവർത്തനത്തിന് പ്രതിമാസം അര ലക്ഷം രൂപ ഒാണറേറിയത്തിൽ സീനിയർ റിസർച്ച് ഒാഫിസറെയും 25000 രൂപ വേതനത്തിൽ രണ്ട് ജൂനിയർ റിസർച്ച് ഒാഫിസർമാരെയും നിയമിക്കും. പുറമെ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ഒാഫിസ് അറ്റൻഡൻറ് എന്നിവരെയും നിയമിക്കും. മറ്റ് രണ്ട് കമീഷനുകൾക്കും ഒന്ന് വീതം സീനിയർ റിസർച് ഒാഫിസർ, ജൂനിയർ റിസർച്ച് ഒാഫിസർ നിയമനം നടത്താം.
മൂന്ന് കമീഷനുകൾക്കും ഒാഫിസ് സൗകര്യങ്ങളും യോഗം ചേരാനാവശ്യമായ കോൺഫറൻസ് റൂം അടക്കം മറ്റ് ഭൗതിക സൗകര്യങ്ങളും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ലഭ്യമാക്കണം. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷന് വെബ്സൈറ്റ് ഉണ്ടാക്കുന്നതിനുള്ള സൗകര്യങ്ങളും കൗൺസിൽ ഒരുക്കണം. അംബേദ്കർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ശ്യാം ബി. മേനോൻ ചെയർമാനായ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷനിൽ ഏഴ് അംഗങ്ങളാണുള്ളത്. നുവാൽസ് മുൻ വി.സിയും മുഖ്യമന്ത്രിയുടെ മുൻ ഉപദേഷ്ടാവുമായ ഡോ.എൻ.കെ. ജയകുമാർ ചെയർമാനായ സർവകലാശാല നിയമ പരിഷ്കരണ കമീഷനിലും എം.ജി സർവകലാശാല പ്രോ വൈസ്ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ ചെയർമാനായ പരീക്ഷ പരിഷ്കരണ കമീഷനിലും അഞ്ച് വീതം അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.