ഫോർട്ട്കൊച്ചി: മീൻപിടിത്തം കഴിഞ്ഞ് മടങ്ങിയ ഇൻബോർഡ് വള്ളത്തിലെ മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവം വിശദമായ അന്വേഷണത്തിലേക്ക്. ആയുധ വിദഗ്ധരുടെ സഹായം തേടിയ പൊലീസ്, വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക് അയക്കാനും തീരുമാനിച്ചു.
നാവികസേന ആയുധപരിശീലനം നടത്തിയ സമയം അടക്കം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ മേഖലയിലും ഇൻബോർഡ് വള്ളത്തിലും പൊലീസ് തെളിവെടുപ്പ് നടത്തി. കരയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് തോപ്പുംപടി പൊലീസിന്റെ പ്രാഥമിക നിഗമനം.
വെടിയുണ്ട തങ്ങൾ ഉപയോഗിക്കുന്നതല്ലെന്നും നോൺ മിലിട്ടറി ബുള്ളറ്റാണെന്നുമാണ് നേവിയുടെ വിശദീകരണം. വെടിയുണ്ട നേവിയുടേതല്ലെങ്കിൽ ഇത്രയും തന്ത്രപ്രധാനമായ സ്ഥലത്ത് എങ്ങനെ മറ്റ് വെടിയുണ്ട വന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ അത് വലിയ സുരക്ഷ വീഴ്ചയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മീൻപിടിത്തം കഴിഞ്ഞ് ഇൻബോർഡ് വള്ളത്തിൽ മടങ്ങിയ തൊഴിലാളി ആലപ്പുഴ പള്ളിത്തോട് അന്ധകാരനഴി മണിച്ചിറയിൽ സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. നാവിക പരിശീലന കേന്ദ്രമായ ഫോർട്ട്കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യക്ക് പടിഞ്ഞാറ് മാറി തീരത്തു നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ് സംഭവം.
മട്ടാഞ്ചേരി സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള അൽ റഹ്മാൻ നമ്പർ വൺ വള്ളത്തിലെ 33 തൊഴിലാളികൾ മീൻപിടിത്തം കഴിഞ്ഞ് വൈപ്പിൻ കാളമുക്ക് ഹാർബറിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വള്ളത്തിൽ നിൽക്കുകയായിരുന്ന സെബാസ്റ്റ്യൻ പെട്ടെന്ന് മറിഞ്ഞ് വീഴുകയായിരുന്നു. വലത് ചെവിയിൽ നിന്ന് രക്തം വരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് വള്ളത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയത്.
ചെവിയുടെ ഒരു ഭാഗം തുളഞ്ഞ സെബാസ്റ്റ്യനെ സഹപ്രവർത്തകർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കോസ്റ്റൽ പൊലീസ് സെബാസ്റ്റ്യന്റെ മൊഴി രേഖപ്പെടുത്തി. നാവിക ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.