പെസ നിയമം:സർക്കാർ നടപടി ചുവപ്പ് നാടയിലെന്ന് ഫയലുകൾ

കോഴിക്കോട് : ആദിവാസി ശാക്തീകരണത്തിനായി സംസ്ഥാനത്തെ പട്ടികവർഗ സങ്കേതങ്ങളെ ഷെഡ്യൂൾഡ് ഏരിയ (പെസ) ആയി പ്രഖ്യാപിക്കുന്നതിനുള്ള സർക്കാർ നടപടി ചുവപ്പ് നാടയിലെന്ന് ഫയലുകൾ. 1996 ലാണ് പെസ നിയമം( ആദിവാസി ഗ്രാമ പഞ്ചായത്ത് നിയമം) പാർലമെ ന്റ് പാസക്കിയത്. നിലവിൽ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലെ ആദിവാസികൾക്ക് ഈ നിയമത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.

എന്നാൽ സംസ്ഥാന പട്ടികവർഗ വകുപ്പ് ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയാണ് തുടരുന്നത്. 2001ലാണ് എ.കെ ആന്റണി സർക്കാരാണ് പെസ നിയമം നടപ്പാൻ കേന്ദ്ര ആദിവാസി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകാൻ തീരുമാനിച്ചത്. പിന്നീട് നിൽപ്പ് സമരത്തെ തുടർന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ കേന്ദ്ര ആദിവാസി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. 2015 ഏപ്രിൽ ഏഴിന് നൽകിയ റിപ്പോർട്ട് പ്രകാരം വയനാട്, ഇടുക്കിയിലെ ഇടമലക്കുടി, കണ്ണൂരിലെ ആറളം, പാലക്കാട്ടെ അട്ടപ്പാടി, മലപ്പുറത്തെ നിലമ്പൂർ എന്നിവിടങ്ങളിലെ ഊരുകളാണ് പെസയുടെ പരിധിയിൽ ഉൾപ്പെടുത്തിയത്.



 ചില ഊരുകളുടെ പേരുകളിലുണ്ടായ കേന്ദ്ര മന്ത്രാലയത്തിന്റെ സംശയങ്ങൾക്ക് 2015 ഓഗസ്റ്റ് 19ന് സംസ്ഥാനം മറുപടിയും നിൽകി. എന്നാൽ, പിണറായി സർക്കാർ ഇതുമായി ബന്ധപ്പെട്ട തുടർ നടപടി സ്വീകരിച്ചില്ല. പെസ നിയമം സംബന്ധിച്ച് മാർഗനിർദേശങ്ങൾ തയാറാക്കുന്നതിന് ഉന്നതല കമ്മിറ്റിയെ നിയോഗിച്ചു. 2017 നവംമ്പർ 27ന് കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നു.

നിയമത്തിന് കീഴിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങൾ തെരഞ്ഞെടുക്കുന്നതിനാണ് മാർഗ നിർദേശം നൽകാൻ വയനാട്, പാലക്കാട്, ഇടുക്കി, കണ്ണൂർ, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ, വാർഡ് അടിസ്ഥാനത്തിൽ, ആദിവാസികളുടയും മറ്റ് വിഭാഗങ്ങളിലുള്ളവരുടെയും എണ്ണം അടങ്ങുന്ന ലിസ്റ്റ് തയാറാക്കുക, ആദിവാസി വിഭാഗക്കാർ കൂടുതലായുള്ള വാർഡ്, പഞ്ചായത്ത്, മുൻസിപ്പാലിറ്റി ഇവ കണ്ടെത്തുക, നിലവിൽ പട്ടികവർഗ സംവരണം ഉള്ള വാർഡുകൾ ഏതെല്ലാമാണെന്ന് ലിസ്റ്റ് തയാറാക്കുക, ആദിവാസി കോളനികളുടെ ജ്യോഗ്രഫിക്ക് ഡിസ്ട്രിബ്യൂഷൻ പരിശോധിച്ച് മാപ്പ് ചെയ്ത്, വിവിധ പഞ്ചായത്തുകളിലെ കോളനികളെ ഒന്നിച്ചാക്കിയാൽ ജനസംഖ്യയുടെ എണ്ണം വർധിക്കുമെന്നതിനാൽ, ഇവ ഒന്നിച്ചാക്കുന്നത് പരിശോധിക്കുക എന്നിവയാണ് യോഗം തീരുമാനിച്ചത്.

ഇക്കാര്യത്തിൽ ലിസ്റ്റ് തയാറാക്കൻ പട്ടികവർഗ ഡയറക്ടറെ ചുമതലപ്പെടുത്തി. കമ്മിറ്റിയുടെ അടുത്ത യോഗം ഡിസംബർ മൂന്നാം വാരം നടത്താമെന്നും തീരുമാനിച്ചു. പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു ഉൾപ്പെടെ 13 ഉദ്യോഗസ്ഥർ അന്നത്തെ യോഗത്തിൽ പങ്കെടുത്തു. പിന്നീട് 2018 ജൂലൈ 23 നാണ് യോഗം നടന്നത്. ഷെഡ്യൂൾഡ് ഏരിയാ പ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങൾ പുനർനിർവചിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്ന നിർദേശങ്ങൾ പട്ടികവർഗ ഡയറക്ടർക്ക് അയക്കാമെന്ന് യോഗത്തിൽ തീരുമാനിച്ചു.

2019 ഏപ്രിൽ 25ന് മൂന്നാമത്തെ യോഗം നടന്നു. യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും സംസ്ഥാനത്ത് പെസ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. വികസന വകുപ്പ്, പെസ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് ഒരു കുറിപ്പ് സമർപ്പിക്കണം, മുകളിൽ പറഞ്ഞ കുറിപ്പിലെ അവരുടെ നിർദിഷ്ട പരാമർശങ്ങൾ നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വനം, വന്യജീവി, റവന്യൂ വകുപ്പുകൾ, കില, കിർത്താഡ്‌സ് എന്നീ വകുപ്പുകളെയും സ്ഥാപനങ്ങളെയും ചുമതപ്പെടുത്തി.

2019 ഏപ്രിൽ 25ന് ശേഷം ഫയൽ ചലിച്ചിട്ടില്ല. പെസ നിയമത്തിന്റെ ഗ്രാമസഭ അവകാശങ്ങൾ രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ ആദിവാസികൾ അനുഭവിക്കുമ്പോൾ കേരളത്തിൽ മാത്രം അത് നിഷേധിക്കുകയാണ്. കേന്ദ്ര ആദിവാസി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുന്നതിൽ പട്ടികവർഗ വകുപ്പ് തുടരുന്ന അലംഭാവമാണ് ഇതിന് കാരണമെന്ന് രേഖകൾ വ്യക്തമാക്കുന്നു.

Tags:    
News Summary - The PESA Act files that the government action is red tape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.