തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മ ആർ. നായരെ പൊലീസ് കസ്റ്റഡിയിൽ വിടുന്നതിന്റെ ഭാഗമായി കോടതിയിൽ നടന്നത് രൂക്ഷമായ വാദപ്രതിവാദങ്ങൾ. ഇതിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ ഏഴു ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കവെ കോടതിയിൽ ഷാരോണിനെതിരെ പ്രതിഭാഗം നിരവധി വാദങ്ങളാണ് ഉയർത്തിയത്. വിഷം നൽകി കൊന്നു എന്ന എഫ്.ഐ.ആർ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു.
ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം. ഗ്രീഷ്മയുടെ വീട്ടിലെ മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. മരണത്തിനിടയാക്കിയ വിഷം ഷാരോൺ കൊണ്ടുവരാൻ സാധ്യതയില്ലേയെന്നും അഭിഭാഷകൻ ചോദിച്ചു. ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഷാരോൺ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും സ്വകാര്യ ചിത്രങ്ങൾ പകർത്തിയെന്നും കുറ്റപ്പെടുത്തിയ അഭിഭാഷകൻ, കേസിൽ ഗൂഢാലോചനാ കുറ്റം നിലനിൽക്കില്ലെന്നും വാദിച്ചു. ഷാരോണിന്റെ മരണ മൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. വിഷയത്തിൽ ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണം. പൊലീസ് കസ്റ്റഡിയിൽ വിടരുതെന്നും ഇല്ലാത്ത തെളിവുണ്ടാക്കുമെന്നും അദ്ദേഹം വാദിച്ചു.
അട്ടകുളങ്ങര വനിത ജയിലിൽ നിന്നാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. നേരത്തെ, ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും കോടതി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
അതേസമയം, കേസിൽ കേരളാ പൊലീസ് വീണ്ടും നിയമോപദേശം തേടും. തുടരന്വേഷണം കേരളത്തിൽ നടത്തണമോയെന്ന കാര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് ഡി.ജി.പി നിയമോപദേശം തേടുന്നത്. കേസിൽ കേരള പൊലീസിന് അന്വേഷണം തുടരാമെന്നായിരുന്നു നേരത്തെ ലഭിച്ച നിയമോപദേശം. തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചു. കേസ് തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.
ഷാരോൺ മരിക്കുന്നത് കേരളത്തിലാണെങ്കിലും ഗ്രീഷ്മ വിഷം നൽകിയത് തമിഴ്നാട്ടിലെ രാമവർമൻചിറയിലെ വീട്ടിൽ വെച്ചാണ്. ഇത് തമിഴ്നാട് പൊലീസിന്റെ പരിധിയിലുള്ള സ്ഥലമാണ്. അതിനാൽ കേസ് തമിഴ്‌നാടിന് കൈമാറുമോ എന്ന സംശയം നേരത്തെ തന്നെ നിലനിന്നിരുന്നു. എന്നാൽ, കേസ് തമിഴ്‌നാടിന് കൈമാറരുതെന്നായിരുന്നു ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.