ആദിവാസി ഫണ്ട് വിനിയോഗിക്കുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് റിപ്പോർട്ട്

കോഴിക്കോട് : കോഴിക്കോട് : ആദിവാസികളുടെ വികസനത്തിനുള്ള ഫണ്ട് വിനിയോഗിക്കുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുതല അച്ചടക്ക നടപടിവേണമെന്ന് ധനകാര്യ വകുപ്പിന്റെ റിപ്പോർട്ട്. റാന്നി പട്ടികവർഗ ഓഫിസിലും ചിറ്റാർ ഗ്രാമപഞ്ചയത്തിലും നടത്തിയ പരിശോധനയിൽ ഫണ്ട് ചെലവഴിച്ചതിൽ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു.

കോർപസ് ഫണ്ട് വകയിരുത്തി ഭരണാനുമതി ലഭ്യമാക്കിയ പ്രവർത്തികളുടെ നിർവഹണത്തിലുണ്ടായിട്ടുള്ള വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ജീവനക്കാർക്ക് കർശനമായ താക്കീത് നൽകണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. കാര്യശേഷി കുറഞ്ഞ ജീവനക്കാർക്ക് പരിശീലനം നൽകണെന്നും. ജീവനക്കാരുടെ സ്ഥലമാറ്റം അടക്കമുള്ള ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിന് പട്ടികവർഗ ഡയറക്ടറെ ചുമതലപ്പെടുത്തണണെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. അതിനുശേഷവും വീഴ്ച്ചകൾ ആവർത്തിക്കുന്ന ജീവനക്കാർക്കെതിരെ കർശന വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ.

പട്ടികവർഗ ഉപപദ്ധതി നടത്തിപ്പുകളിലുണ്ടാകുന്ന ഗുരുതരമായ വിടവുകൾ നികത്തുന്നതിനാണ് കോർപസ് ഫണ്ട് വകയിരുത്തിയത്. അതിലാണ് ഉദ്യോഗസ്ഥർ വീണ്ടും അട്ടിമറി നടത്തുന്നത്. ആദിവാസി വികസനത്തിനായി ആവിഷ്കരിക്കുന്ന പദ്ധതികൾ സംസ്ഥാനത്താകെ നടപ്പാകാതെ പോകുന്നുണ്ടോ എന്ന് പരിശോധിക്കണം. ഫലപ്രാപ്തിയിലെത്താത്ത പ്രവർത്തികളുടെ ഓരോ ജില്ലയിലേയും വിവരങ്ങൾ ശേഖരിച്ച്, അത് പരിശോധിച്ച് ഉചിതമായ പരിഹാര നടപടികൾ ഭരണ വകുപ്പ് തലത്തിൽ സ്വീകരിക്കണം. കോർപസ് ഫണ്ട് വകയിരുത്തി ആവിഷ്കരിക്കുന്ന പദ്ധതികളുടെ നിർവഹണ പുരോഗതി പദ്ധതികൾക്ക് ഭരണാനുമതി നൽകുന്ന ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പ് മോണിറ്റർ ചെയ്യണമെന്നും റിപ്പോർട്ടിൽ ശുപാർശചെയ്തു.

റാന്നിയിൽ കോർപ്പസ് ഫണ്ട് വകയിരുത്തി ഭരണാനുമതി ലഭിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിൽ തടസം നേരിട്ടത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥ കാരണമാണ്. ഗുണഭോക്താക്കളുടെ അപേക്ഷയിന്മേൽ സമയബന്ധിത നടപടി സ്വീകരിച്ച് ഭരണാനുമതി ലഭ്യമാക്കുന്നതിന് കാലതാമസം നേരിട്ടു. പദ്ധതികൾ ആവിഷ്കരിക്കുന്ന അവസരത്തിൽ തന്നെ നിർവഹണ ഏജൻസിയുമായി ധാരണയിൽ എത്തിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ട്രൈബൽ ഓഫിസർ പുറപ്പെടുവിക്കുന്ന നടപടി ഉത്തരവ് അതേ ഓഫീസിലെ ബിൽ സെക്ഷനു നൽകുന്നതിനുപോലും കാലതാമസം നേരിടുന്നു. നിർവഹണ എൻസിയുടെ ഡി.ഡി.ഒ കോഡ് ലഭ്യമാക്കി ഫണ്ട് കൈമാറുന്നതിനും കാലതാമസമുണ്ടായി. സാമ്പത്തിക വർഷാവസാനത്തിലുള്ള ഫണ്ട് കൈമാറ്റം പദ്ധതി നടത്തിപ്പ് അവതാളത്തിലാക്കിയെന്നും പരിശോധനയിൽ വ്യക്തമായി.

പൊതു ഇടങ്ങളിൽ തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സാമൂഹ്യശേഷി കുറഞ്ഞവരാണ് ആദാവിസികൾ. സവിശേഷ പരിഗണന അർഹിക്കുന്ന വിഭാഗമാണവർ. ആദിവാസികൾക്ക് അനുവദിക്കുന്ന ഫണ്ട് അവരുടെ ജീവിത ദുരിതം പരിഹരിക്കുന്നതിനാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെങ്കിൽ അത് സർക്കാരിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - The report calls for action against officials who fail to utilize tribal funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.