തേഞ്ഞിപ്പലം: ഗവേഷക വിദ്യാർഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന പരാതിയെ തുടർന്ന് അധ്യാപകനെ ഗൈഡ് പദവിയിൽനിന്ന് നീക്കി. കോഴിക്കോട് ഫാറൂഖ് കോളജ് മലയാളവിഭാഗം അധ്യാപകനും കാലിക്കറ്റ് സർവകലാശാലയിലെ പിഎച്ച്.ഡി ഗൈഡുമായ ഡോ. അസീസ് തരുവണക്കെതിരെയാണ് നടപടി.
സർവകലാശാല ആഭ്യന്തര പ്രശ്നപരിഹാര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നടപടിയെടുത്തത്. അധ്യാപകനിൽ വിശദീകരണം തേടുമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ ഗൈഡ് പദവി തിരിച്ച് നൽകില്ലെന്നും വി.സി വ്യക്തമാക്കി.
ലൈംഗികച്ചുവയോടെ പെരുമാറുകയും ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുകയും ചെയ്തെന്നായിരുന്നു അസീസ് തരുവണയുടെ മേൽനോട്ടത്തിൽ ഗവേഷണം നടത്തിയ വിദ്യാർഥിനികളുടെ പരാതി.
ഇയാൾക്ക് കീഴിൽ ഗവേഷണം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ഗവേഷകർ നിലപാടെടുത്തതോടെ പരാതിക്കാരടക്കമുള്ള നാല് ഗവേഷകർക്ക് മറ്റ് ഗൈഡുമാരുടെ സേവനം ലഭ്യമാക്കി. 2015-16ൽ ഒരു ദലിത് വിദ്യാർഥിനിയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഈ അധ്യാപകനെതിരെ സർവകലാശാല ആഭ്യന്തര പരിഹാര സമിതി മുമ്പാകെ മുമ്പ് മൂന്ന് പരാതികൾ ഉയർന്നുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.