പറമ്പിക്കുളം ഡാം

പറമ്പിക്കുളം ഡാമിലെ ഷട്ടർ മുമ്പും തകരാറിലായിട്ടുണ്ട്; അന്ന് തകരാറിലായത് ഷട്ടറിന്‍റെ ചെയിൻ

പാലക്കാട്: പറമ്പിക്കുളം ജലസംഭരണിയുടെ ഷട്ടറിന് തകരാർ സംഭവിക്കുന്നത് ആദ്യ സംഭവമല്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ജൂലൈ 21നും ഷട്ടറിന് തകരാർ സംഭവിച്ചിരുന്നു. ഇന്ന് തകരാർ സംഭവിച്ച അണക്കെട്ടിലെ മധ്യഭാഗത്തെ ഷട്ടറിനാണ് അന്നും തകരാറുണ്ടായത്.

ഷട്ടർ ദീർഘനേരം തുറന്നുവെച്ച സാഹചര്യത്തിലാണ് അന്ന് ഷട്ടറിന്‍റെ ചെയിനിന് തകരാർ സംഭവിച്ചത്. ആ തകരാർ രണ്ട് ദിവസത്തിനകം പരിഹരിക്കുകയും ചെയ്തു. തകരാർ പരിഹരിച്ചതിലുണ്ടായ എന്തെങ്കിലും പിഴവാണോ ഇന്ന് പുലർച്ചെ ഷട്ടർ ഉയർന്ന് പോകാൻ ഇടയാക്കിയതെന്നാണ് സംശയിക്കുന്നത്. 

ഷട്ടറിന്‍റെ ചെയിൻ ഇളകിയതിന് പിന്നാലെ ചെയിൻ ഘടിപ്പിച്ച ഭാഗത്തെ കോൺക്രീറ്റ് ഇളകി വെള്ളത്തിൽ വീണതായും വിവരമുണ്ട്. നീരൊഴുക്ക് കൂടിയത് കൊണ്ടാണോ, മരം ഒഴുകിവന്ന് തടസമുണ്ടായത് വഴിയുള്ള മർദം കൊണ്ടാണോ തകരാർ സംഭവിച്ചതെന്ന് വിദഗ്ധ സംഘം പരിശോധിക്കേണ്ടതുണ്ട്.

പറമ്പിക്കുളം ജലസംഭരണിയിൽ നിന്ന് എത്ര സമയം, എത്രമാത്രം വെള്ളം തുറന്നുവിടണമെന്ന കാര്യത്തിലും അന്തിമ തീരുമാനം സ്വീകരിക്കേണ്ടതുണ്ട്. 1825 അടി സംഭരണശേഷിയുള്ള വലിയ അണക്കെട്ടാണ് പറമ്പിക്കുളം. നിലവിൽ 20,000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. 


പറമ്പിക്കുളത്തെ ഷട്ടർ തകരാറിലായതിനെ കുറിച്ച് വ്യക്തമായി വിശദീകരണം തമിഴ്നാട് അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. സംഭവിച്ചത് സാങ്കേതിക തകരാറാണെന്നാണ് അധികൃതർ അറിയിച്ചത്. ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധ സംഘവും ഡാമിൽ പരിശോധന നടത്തിയ ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നാണ് തമിഴ്നാട് വ്യക്തമാക്കിയത്.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് പറമ്പിക്കുളം ജലസംഭരണിയുടെ ഷട്ടർ തകരാറിലായത്. അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകളിൽ ഒരെണ്ണം തനിയെ കൂടുതൽ തുറക്കുകയായിരുന്നു. നിലവിൽ മൂന്ന് ഷട്ടറുകൾ 10 സെന്‍റീമീറ്റർ വീതമാണ് തുറന്നു വെച്ചിരുന്നത്. 25 അടി ഉയരമുള്ള ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടറാണ് തനിയെ ഉയർന്നത്. 


ഷട്ടർ തകരാറിലായ വിവരം അറിഞ്ഞ ഉടൻ കേരളത്തിന്‍റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികളാണ് സ്വീകരിച്ചത്. പെരിങ്ങൽകുത്ത് ഡാമിന്‍റെ ആറ് ഷട്ടറുകള്‍ പൂര്‍ണമായി തുറന്നു. കൂടാതെ, രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ തുറന്ന് 400 ക്യുമെക്‌സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനും തീരുമാനിച്ചു. പെരിങ്ങല്‍ക്കുത്തിലെ ജലനിരപ്പ് പരമാവധിയായ 421.5 മീറ്ററില്‍ എത്തി നില്‍ക്കുകയാണ്. ഡാമിലേക്ക് 20,000 ഘനയടി വെള്ളം ഒഴുകിയെത്തുന്നത്.

പാലക്കാട് ജില്ലയിലാണ് പറമ്പിക്കുളം അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെ ഒഴുകുന്ന പറമ്പിക്കുളം നദിയിലാണിത്. ഇന്ത്യയിലെ എറ്റവുമധികം ജലശേഖരണ ശേഷിയുള്ള എംബാങ്ക്മെന്‍റ് അണക്കെട്ട് ആണ് പറമ്പിക്കുളത്തേത്. കാമരാജ് സർക്കാറിന്‍റെ കാലത്ത് അണക്കെട്ട് നിർമിച്ചത്.

കേരളവും തമിഴ്നാടും ഉൾപ്പെടുന്ന പറമ്പിക്കുളം - ആളിയാർ പദ്ധതി പ്രകാരം 7.25 ടി.എം.സി. വെള്ളമാണ് വർഷം തോറും കേരളത്തിന്‌ ലഭിക്കേണ്ടത്. പാലക്കാട് ചിറ്റൂർ താലൂക്ക് അടക്കമുള്ള പ്രദേശങ്ങളിലെ കാർഷിക ആവശ്യങ്ങൾക്കാണ്‌ ഈ വെള്ളം പ്രധാനമായും ഉപയോഗിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.