പൊൻകുന്നം: ഡോ. എൻ. ജയരാജ് ഗവ. ചീഫ് വിപ്പായി തെരഞ്ഞെടുക്കപ്പെടുമ്പോൾ കാഞ്ഞിരപ്പള്ളി മണ്ഡലത്തിന് ഇത് അഭിമാന നിമിഷം. പിതാവിനുശേഷം മകനിലൂടെ കാബിനറ്റ് പദവി മണ്ഡലത്തിന് ലഭിക്കുന്നുവെന്നതും പ്രത്യേകതയാണ്. കേരള കോൺഗ്രസ് സ്ഥാപകാംഗവും മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പ്രഫ. കെ. നാരായണക്കുറുപ്പ് ദീർഘനാൾ വാഴൂരിെൻറ എം.എൽ.എയായിരുന്നു. പിന്നീട് മകനായ ഡോ. എൻ. ജയരാജ് വാഴൂരിെൻറ ജനപ്രതിനിധിയായി. പഴയ വാഴൂരിൽനിന്നും പിന്നീട് കാഞ്ഞിരപ്പള്ളിയിൽനിന്നുമായി തുടർച്ചയായി നാലാം തവണ വിജയം നേടിയപ്പോഴാണ് അദ്ദേഹത്തെ തേടി കാബിനറ്റ് പദവിയെത്തുന്നത്.
പിതാവിനെപ്പോലെ തന്നെ അധ്യാപകനായ ജയരാജ് ജില്ല പഞ്ചായത്ത് അംഗം എന്ന നിലയിലാണ് പാർലമെൻററി രാഷ്ട്രീയ രംഗത്ത് എത്തുന്നത്. തുടർച്ചയായി രണ്ടുതവണ കോട്ടയം ജില്ല പഞ്ചായത്ത് അംഗമായി. 2006-ൽ വാഴൂരിൽനിന്നും 2011, 2016, 2021ലും കാഞ്ഞിരപ്പള്ളിയിൽനിന്നും വിജയിച്ചു. നിലവിൽ കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വാഴൂരിൽ വിജയിച്ചത് ചരിത്രത്തിെൻറ ഭാഗം. കറുകച്ചാൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു. 'ഞാൻ അനശ്വരൻ' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 'കേരളത്തിെൻറ പൊതുവരവും ചെലവും' കേരളത്തിെൻറ സാമ്പത്തികവളര്‍ച്ചയിലെ സ്വാധീനം വിഷയത്തെ അടിസ്ഥാനപ്പെടുത്തി പബ്ലിക് ഫിനാന്‍സില്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. നിയമസഭ സാമാജിക ജീവിതത്തിെൻറ നേർക്കാഴ്ചയായി 'സാമാജികൻ സാക്ഷി' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കറുകച്ചാല്‍ ചമ്പക്കരയില്‍ ചെറുമാക്കൽ വീട്ടിൽ പരേതരായ പ്രഫ. കെ. നാരായണക്കുറുപ്പിെൻറയും ലീലാദേവിയുടെയും ഏഴ് മക്കളിൽ മൂത്തയാളാണ്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടി. 25 വര്‍ഷം കേരള, കോഴിക്കോട്, എം.ജി സര്‍വകലാശാലകളിലെ വിവിധ എന്‍.എസ്.എസ് കോളജുകളില്‍ ഇക്കണോമിക്സ് അധ്യാപകനായിരുന്നു. ഭാര്യ: ഗീത. മകള്‍: പാര്‍വതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.