തിരുവനന്തപുരം: ട്രെയിന്‍ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ ഉന്നതരുടെ ഉറപ്പ്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തിരക്കുള്ള ട്രെയിനുകളിൽ ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ഡോ. മനീഷ് തപ്ല്യാല്‍ പറഞ്ഞു. ഷൊര്‍ണൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ കാസർകോട് വരെ നീട്ടുന്ന കാര്യവും പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അവധിക്കാലങ്ങളില്‍ അധിക സര്‍വിസ് ഏര്‍പ്പെടുത്തുന്നതിന് സഹായകമാകുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കലണ്ടര്‍ തയാറാക്കി റെയില്‍വേക്ക് സമര്‍പ്പിക്കും. ഇതുപ്രകാരം സ്പെഷല്‍ സര്‍വിസുകള്‍ നടത്താനും അതു സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പുകള് നല്‍കാനും ധാരണയായി. ട്രെയിനുകളിലെ സുരക്ഷ മെച്ചപ്പെടുത്താൻ സംസ്ഥാന സര്‍ക്കാറുമായി കൂടിയാലോചിക്കും.
വന്ദേഭാരതിനായി മറ്റു ട്രെയിനുകള്‍ മണിക്കൂറുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കുന്ന കാര്യത്തില്‍ പരിശോധിച്ച് നടപടിയെടുക്കും. മലപ്പുറം ജില്ലയിലെ ജനസംഖ്യയും ട്രെയിന്‍ യാത്രികരുടെ എണ്ണവും പരിഗണിച്ച് രാജധാനി എക്സ്പ്രസിന് ജില്ലയില്‍ സ്റ്റോപ് അനുവദിക്കുന്ന കാര്യം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനക്ക് വിടാൻ തീരുമാനിച്ചു.
ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, കെ.ആര്.ഡി.സി എല്‍ ഡയറക്ടര്‍ വി. അജിത് കുമാര്‍, പാലക്കാട് എ.ഡി.ആർ.എം കെ. അനില്‍ കുമാര്‍, പാലക്കാട് ഡി.ഒ.എം ഗോപു ആര്. ഉണ്ണിത്താന്, തിരുവനന്തപുരം സീനിയര്‍ ഡി.ഒ.എം എ. വിജയന്, തിരുവനന്തപുരം സീനിയര്‍ ഡി.സി.എം വൈ. സെല്‍വിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.