തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മിന്നൽ സമരവുമായി ഇറങ്ങിയ മിൽമ ജീവനക്കാരുടെ സമരം ഒത്തുതീർന്നു. തൊഴിലാളികൾ മേഖല ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. തൊഴിലാളികളുടെ സ്ഥാനക്കയറ്റവും കേസുകൾ പിൻവലിക്കുന്നതും ബുധനാഴ്ചത്തെ ബോർഡ് യോഗത്തിൽ തീരുമാനിക്കാൻ ധാരണയായി. സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് മിൽമ മാനേജ്മെന്‍റ് ഉറപ്പുനൽകിയിട്ടുണ്ട്. അർഹതപ്പെട്ട ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുമെന്നും ഇതു സംബന്ധിച്ച് ഈ മാസം 30 നകം ഉത്തരവിറക്കുമെന്നും ഉറപ്പുനൽകി.
സമരത്തെ തുടർന്ന് തിരുവനന്തപുരം മേഖല യൂനിയന് കീഴിലുള്ള ഡെയറികളുടെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. പാക്കറ്റുകളിലാക്കിയ ലക്ഷക്കണക്കിന് ലിറ്റർ പാൽ ഡെയറികളിൽനിന്ന് ചൊവ്വാഴ്ച പുറത്തേക്ക് പോയില്ല. എന്നാൽ, സംഭരണത്തിന് തടസ്സമുണ്ടായില്ല.
തിരുവനന്തപുരം അമ്പലത്തറ, കൊല്ലം, പത്തനംതിട്ട ഡെയറികളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. തൊഴിലാളികൾക്ക് സ്ഥാനക്കയറ്റം നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മിൽമ മേഖല ചെയർപേഴ്സണെ ഉപരോധിച്ചിരുന്നു. തുടർന്ന് യൂനിയൻ നേതാക്കളായ 20 പേർക്കും കണ്ടാലറിയാവുന്ന മറ്റ് 20 പേർക്കുമെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു തൊഴിലാളികൾക്കെതിരെയാണ് മിൽമ മാനേജിങ് ഡയറക്ടറുടെ പരാതിയിൽ കേസെടുത്തത്. ഇതോടെയാണ് കള്ളക്കേസ് പിൻവലിക്കണമെന്നും അർഹമായ സ്ഥാനക്കയറ്റം നൽകണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ ആറോടെ തിരുവനന്തപുരം അമ്പലത്തറ പ്ലാന്‍റിലും കൊല്ലം, പത്തനംതിട്ട പ്ലാന്‍റുകളിലും മിന്നൽ സമരം ആരംഭിച്ചത്.
സമരത്തെ തുടർന്ന് രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെ പാൽവിതരണം തടസ്സപ്പെട്ടു. ഒരു ലക്ഷം ലിറ്റർ പാലാണ് ഈ സമയം കടകളിലേക്ക് കൊണ്ടുപോകേണ്ടിയിരുന്നത്. തൊഴിലാളികളുടെ ധാർഷ്ട്യത്തിന് മുന്നിൽ വഴങ്ങേണ്ടതില്ലെന്ന് ആദ്യം മാനേജ്മെന്‍റ് തീരുമാനിച്ചെങ്കിലും സർക്കാർ സമ്മർദത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ ചർച്ചക്ക് തയാറാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.