തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നികുതി ഒടുക്കിയത് സംബന്ധിച്ച വിവരത്തിന് വിവരാവകാശ നിയമം ബാധകമല്ലെന്ന് സംസ്ഥാന നികുതി വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥൻ. കേരള സ്വതന്ത്ര തൊഴിലാളി യൂനിയന് നേതാവ് സെബാസ്റ്റ്യന് പാലക്കത്തറയുടെ ചോദ്യത്തിനാണ് ചരക്കുസേവന നികുതി ഓഫിസിലെ വിവരാവകാശ ഓഫിസർ വിചിത്രമറുപടി നൽകിയത്.
വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനം കൊച്ചിൻ മിനറൽസ് റൂടൈൽസ് ലിമിറ്റഡിന് (സി.എം.ആർ.എൽ) നൽകിയ സേവനത്തിന്റെ പ്രതിഫലമായി കൈപ്പറ്റിയ 172 കോടിയുടെ ഐ.ജി.എസ്.ടി വിഹിതം അടച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാൻ കഴിയില്ല എന്നാണ് മറുപടി.
നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരം വിവരം വെളിപ്പെടുത്തലിൽനിന്ന് ഒഴിവാക്കപ്പെട്ട വിഷയങ്ങളിൽപെട്ടതാണ് ചോദ്യമെന്നാണ് വിശദീകരണം.
മുഖ്യമന്ത്രിയുടെ മകൾ എന്ന പേരിൽ നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ മാസപ്പടി വിവാദം പൊതുതാൽപര്യത്തിന്റെ പരിധിയിൽ വരില്ല എന്നാണ് നികുതിവകുപ്പിന്റെ കണ്ടെത്തൽ. മാത്രമല്ല, നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള രേഖ സ്വമേധയാ ലഭ്യമാക്കണമെന്ന് ഇതേ നിയമത്തിലെ നാലാം വകുപ്പ് അനുശാസിക്കുന്നുമുണ്ട്.
നാലാം വകുപ്പ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ് ഈ വിവരനിഷേധമെന്ന് വിവരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, തനിക്ക് ലഭിച്ച മറുപടി തൃപ്തികരമല്ല എന്ന് കാണിച്ച് സംസ്ഥാന വിവരാവകാശ കമീഷനെ സമീപിക്കുമെന്ന് പരാതിക്കാരൻ സെബാസ്റ്റ്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.