കണ്ണൂർ: കള്ളന് കഞ്ഞിവെച്ചവൻ എന്ന പഴഞ്ചൊല്ല് മാത്രമേ താവക്കര അംഗൻവാടിയിൽ കുട്ടികളെ പഠിപ്പിച്ചിട്ടുള്ളൂ. എന്നാൽ, സ്ഥിരമായി അംഗൻവാടിയിലെത്തി മോഷണം നടത്തിയ ശേഷം കഞ്ഞിവെച്ചും ഉപ്പുമാവുണ്ടാക്കിയും വിശപ്പടക്കുന്ന കള്ളനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടികളും രക്ഷിതാക്കളും ജീവനക്കാരും.
താവക്കര വെസ്റ്റ് അംഗൻവാടിയിൽ ബുധനാഴ്ച രാത്രിയിലാണ് 'സ്ഥിരം കള്ളൻ' വീണ്ടുമെത്തി കഞ്ഞികുടിച്ച് മടങ്ങിയത്. കഴിഞ്ഞമാസവും സമാനസംഭവമുണ്ടായിരുന്നു. അടുക്കള ഭാഗത്തെ സീലിങ് വഴിയാണ് ഇത്തവണയും മോഷ്ടാവ് അകത്തുകടന്നത്.
കുട്ടികൾക്ക് ഭക്ഷണം തയാറാക്കാനായി അംഗൻവാടിയിൽ സൂക്ഷിച്ച അരിയും റവയും ഗോതമ്പും പാകം ചെയ്ത് കഴിച്ചാണ് മടങ്ങിയത്. കുട്ടികൾക്ക് കൊടുക്കാനായി കൊണ്ടുവെച്ച മുട്ടയും തേനുംവരെ കള്ളൻ അകത്താക്കി. തേൻകുപ്പിയിൽ വെള്ളമൊഴിച്ചുവെച്ച നിലയിലാണ്.
അലമാരയും പുസ്തകങ്ങളും വലിച്ചുവാരിയിട്ടിട്ടുണ്ട്. മേശയിൽ പുതപ്പുവിരിച്ച് ഉറങ്ങിയതിന്റെ ലക്ഷണങ്ങളുമുണ്ട്. പുതപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ കത്തിയും സ്പാനറുകളും കണ്ടെത്തി. വാട്ടർ പ്യൂരിഫയറിന്റെയും വാഷ്ബേസുകളുടെയും പൈപ്പുകൾ തകർത്തശേഷം എടുത്തുകൊണ്ടുപോയിട്ടുണ്ട്.
അവധി ദിവസമായ ബുധനാഴ്ച പുസ്തകമെടുക്കാനായി അധ്യാപിക ജയ്ഷ അംഗൻവാടിയിൽ എത്തിയിരുന്നു. അപ്പോൾ അടുക്കളയും പരിസരവുമെല്ലാം പരിശോധിച്ചിരുന്നതായും മോഷണം നടന്നതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായില്ലെന്നും ജയ്ഷ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ അംഗൻവാടി തുറക്കാൻ ഹെൽപർ പൂർണിമ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച പുലർച്ചയോ കള്ളൻ ഉള്ളിൽ കടന്നതായാണ് വിവരം. വിവരമറിയിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
കഴിഞ്ഞ മാസവും താവക്കര വെസ്റ്റ് അംഗൻവാടിയിൽ കള്ളൻ കയറി ഭക്ഷണം പാകം ചെയ്തുകഴിച്ച് വിശ്രമിച്ചശേഷമാണ് മടങ്ങിയത്. സെപ്റ്റംബർ 12ന് ഓണാവധി കഴിഞ്ഞശേഷം അംഗൻവാടി തുറന്നപ്പോഴാണ് കള്ളൻ കയറിയത് ശ്രദ്ധയിൽപെട്ടത്.
അന്ന് അടുക്കള ഭാഗത്തെ സീലിങ് തകർത്ത് കയറിയ അതേ വഴിയിലൂടെയാണ് ഇത്തവണയും എത്തിയത്. താവക്കര എ.ജി ചർച്ചിന് സമീപമുള്ള അംഗൻവാടിയുടെ പിറകുവശം ആളനക്കമില്ലാത്ത മേഖലയാണ്. ഇതുവഴിയാണ് കള്ളനെത്തുന്നത്.
അടുക്കള ഭാഗത്തെ ഷീറ്റിനും ചുവരിനുമിടയിലൂടെ കയറി സീലിങ് തകർത്താണ് അകത്തുകയറുന്നത്. കഴിഞ്ഞതവണ കള്ളൻ കയറി നശിപ്പിച്ചതിനാൽ 20 കിലോയോളം അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും കളയേണ്ടിവന്നിരുന്നു.
ഇത്തവണ സ്റ്റോക്ക് കുറവായതിനാൽ കുറച്ച് സാധനങ്ങളേ അംഗൻവാടിയിലുണ്ടായിരുന്നുള്ളൂ. സ്ഥിരമായി അംഗൻവാടിയിൽ കയറി തങ്ങളുടെ കഞ്ഞി കട്ടുകുടിക്കുന്ന കള്ളനെ പിടിച്ചുതരണമെന്നാണ് കുട്ടികൾ പൊലീസിനോട് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.