കോഴിക്കോട്: സിനിമ മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഇടപെടൽ വേണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് ഡബ്ല്യൂ.സി.സി (വുമൺ ഇൻ സിനിമ കലക്ടീവ്) അംഗങ്ങൾ വനിത കമീഷന് മുന്നിലെത്തി. നടിമാരായ പത്മപ്രിയ, പാർവതി തിരുവോത്ത്, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ തുടങ്ങിയവരാണ് ഞായറാഴ്ച രാവിലെ കോഴിക്കോട് ഗെസ്റ്റ് ഹൗസിലെത്തി വനിത കമീഷൻ അധ്യക്ഷ പി. സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമയുടെ റിപ്പോർട്ട് പുറത്തുവിടണമെന്നും മുഴുവൻ പ്രൊഡക്ഷൻ കമ്പനികളിലും വനിതകളുടെ പ്രശ്നങ്ങളുന്നയിക്കാൻ ആഭ്യന്തര പരാതി സമിതികൾ വേണമെന്നും ഇതിനായി ഇടപെടലുകളുണ്ടാവണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിലുണ്ടായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഡബ്ല്യൂ.സി.സി വനിത കമീഷന് മുന്നിലെത്തിയത്.
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവിടേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് പിന്നീട് നടി പത്മപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു. തങ്ങൾക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങൾ ജസ്റ്റിസ് ഹേമക്ക് മുന്നിൽ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടെന്നും നിങ്ങൾക്ക് വേണമെങ്കിൽ മാധ്യമങ്ങളോട് പറഞ്ഞോളൂ എന്നാണ് അവർ പറഞ്ഞതെന്നും നടി പാർവതി തിരുവോത്ത് പറഞ്ഞു.
നടിയെ പിന്തുണക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്ഷൻ കമ്പനികളിൽ ഇന്റേണൽ കമ്മിറ്റിയുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെയാണ് സ്ത്രീകൾക്കൊപ്പം നിൽക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമ മേഖലയിൽ നടക്കുന്ന വിവിധങ്ങളായ ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും അറുതിവരുത്താൻ സമഗ്ര നിയമ നിർമാണം അനിവാര്യമാണെന്നും ഇതിനായി സർക്കാറിൽ ശിപാർശ ചെയ്യുമെന്നും വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. ഡബ്ല്യൂ.സി.സി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സിനിമ നിർമാണ കമ്പനികൾക്ക് രജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ സത്രീസുരക്ഷ നടപടികൾ ഉറപ്പാക്കാനുള്ള സമിതി വേണമെന്ന നിർദേശം കമീഷൻ സർക്കാറിനെ അറിയിക്കും. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമം വേണമെന്നും സ്ത്രീകളുടെ വേതനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നതടക്കം ഡബ്ല്യൂ.സി.സി ഉന്നയിച്ച കാര്യങ്ങൾ സർക്കാറിനെ അറിയിക്കും.
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമയുടെ റിപ്പോർട്ട് പുറത്തുവിടണമെന്നതാണ് ഒരാവശ്യം. സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ അറിഞ്ഞത് അന്വേഷണ കമീഷൻ ആക്ട് പ്രകാരം ഉണ്ടാക്കിയ ഒരു കമീഷനല്ല അതെന്നും മറിച്ച് സമിതിയാണെന്നുമാണ്. അതിനാൽ തന്നെ ഹേമ സമിതി റിപ്പോർട്ട് നിയമസഭയിൽ വെക്കേണ്ട സാഹചര്യം സർക്കാറിനില്ല. എന്നാൽ, നിയമ നിർമാണത്തിനായി ഈ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കണം -അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.