തൃശൂർ: ലോകത്തിന് ഇന്നാവശ്യം കരയുന്ന, മനസിന് ആർദ്രതയുള്ള നേതാക്കളെയാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദൻ. ശക്തനായ ഒരു നേതാവിനെ കാത്തിരിക്കുന്ന ജനത ഫാഷിസത്തിന് വളക്കൂറുള്ള മണ്ണാണ്. ഫാഷിസം സംസാരിക്കുന്നത് പുരുഷാധിപത്യത്തിന്‍റെ മൂല്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയും കുടുംബശ്രീ സംസ്ഥാന മിഷനും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന സാഹിത്യ ശിൽപശാല 'സർഗം-2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതൽ ശക്തവും പ്രാചീനവുമാണ് സ്ത്രീകളുടെ സാഹിത്യ പാരമ്പര്യം. നിലവിലെ പുരുഷാധിപത്യത്തിന്‍റെ ഗന്ധം കലർന്ന ഭാഷയെ മറികടക്കാനും പുതിയ ഭാഷ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ സ്ത്രീ എഴുത്തുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. നിലവിലെ രചനകൾ സ്ത്രീപക്ഷത്തിൽനിന്ന് പുനർവായന നടത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുരുഷാധിപത്യത്തിന് എതിരായ സ്ത്രീകളുടെ സമരം മറ്റനേകം പാർശ്വവൽകൃത വിഭാഗങ്ങളുടെ സമരങ്ങളുടെ തുടർച്ചയാണ്. പുരുഷ സാഹിത്യത്തിന്‍റെ പുനർവായനയും സ്ത്രീ സാഹിത്യ ചരിത്രത്തിന്‍റെ വീണ്ടെടുപ്പും സ്ത്രീ സർഗാത്മകതയുടെ ഭാഗമാക്കി മാറ്റണമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. 'കില' സീനിയർ അർബൻ ഫാക്കൽട്ടി രാജേഷ്, തൃശൂർ അസി. ഇൻഫർമേഷൻ എ.എസ്. ശ്രുതി, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ബി.എസ്. മനോജ് കുമാർ, രാധാകൃഷ്ണൻ കെ. എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽനിന്നുള്ള 40 കുടുംബശ്രീ പ്രവർത്തകരാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്. പ്രമുഖ എഴുത്തുകാർ ക്യാമ്പ് നയിക്കുന്ന ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.