നാദാപുരം: നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് റോഡിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കാസർകോട് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ ശ്രീജിത്ത് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 8.30നാണ് കാരയിൽ കനാൽ റോഡിൽ യുവാവിനെ കുറ്റിക്കാടുകൾക്കിടയിലായി പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടത്. സമീപത്ത് ഇയാൾ സഞ്ചരിച്ചിരുന്ന കാർ ടയർ പഞ്ചറായി വൈദ്യുതിത്തൂണിൽ ഇടിച്ച നിലയിലും കണ്ടെത്തി.
നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയും യുവാവിനെ നാദാപുരം ഗവ. ആശുപത്രിയിലും പിന്നീട് വടകര ജില്ല ആശുപത്രിയിലും എത്തിക്കുകയും ചെയ്തെങ്കിലും ശനിയാഴ്ച പുലർച്ച മരിച്ചു. യുവാവിന് ദേഹമാസകലം പരിക്കേറ്റിരുന്നതായും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കാസർകോട് സ്വദേശിയായ യുവാവ് വിജനമായ സ്ഥലത്ത് എത്തിയതിലും നാട്ടുകാർ ദുരൂഹത പ്രകടിപ്പിച്ചു.
നാദാപുരം സി.ഐ ഇ.വി. ഫായിസ് അലി, എസ്.ഐമാരായ വിനീത് വിജയൻ, എസ്. ശ്രീജിത്ത് തുടങ്ങിയവർ സ്ഥലത്ത് പരിശോധന നടത്തി. വടകര ജില്ല ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹത്തിൽ തലക്ക് പിറകിലും ഇടത് നെറ്റിയിലും മുറിവ്, ഇടത് കൈക്ക് പൊട്ടൽ, ദേഹമാസകലം പാടുകൾ എന്നിവയുള്ളതായി ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പിതാവ്: കരുണാകരൻ. മാതാവ്: തമ്പായി. ഭാര്യ: സുബിന (ചോമ്പാല). മകൻ: കിഷൻ ജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.