കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മുളകുപൊടി വിതറി യാത്രക്കാരനില്‍നിന്ന് 16 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശികളായ ഫാത്തിമാസില്‍ കെ.പി. മജീഫ് (23), ലിജില്‍ നിവാസില്‍ ടി. ലിജില്‍ (23) എന്നിവരെയാണ് കോഴിക്കോട് റെയില്‍വേ സി.ഐ ബി. സന്തോഷ് അറസ്റ്റു ചെയ്തത്. 2015 മേയ് 26നായിരുന്നു സംഭവം. സ്വകാര്യ കമ്പനിയുടെ സെയില്‍സ് എക്സിക്യൂട്ടിവായ മംഗളൂരു ബണ്ട്വാള്‍ സ്വദേശി ജയതീര്‍ഥയാണ് കൊള്ളയടിക്കപ്പെട്ടത്. വൈകീട്ട് നാലോടെ രണ്ടാം പ്ളാറ്റ്ഫോമില്‍ പുറപ്പെടാനായി നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസിന്‍െറ എന്‍ജിനോട് ചേര്‍ന്നുള്ള രണ്ടാമത്തെ ജനറല്‍ കമ്പാര്‍ട്മെന്‍റില്‍ ജയതീര്‍ഥക്കുനേരെ മുളകുപൊടി എറിഞ്ഞ് കൈയിലുണ്ടായിരുന്ന പണം കവരുകയായിരുന്നു.
കണ്ണൂരിലും പരിസരത്തുമുള്ള കടകളില്‍നിന്നും ലഭിച്ച കലക്ഷന്‍ തുകയാണ് നഷ്ടപ്പെട്ടത്. റെയില്‍വേ പൊലീസ് കേസെടുത്ത ശേഷം റെയില്‍വേ എസ്.പി വി.സി. മോഹനന്‍െറ നേതൃത്വത്തില്‍ അന്വേഷിച്ചുവരുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കേസിലും ഗൂഢാലോചനയിലും ഉള്‍പ്പെട്ട മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.