കൊച്ചി: രണ്ട് വനിതകളടക്കം ജുഡീഷ്യൽ സർവിസിൽ നിന്നുള്ള നാലുപേർ കേരള ഹൈകോടതി ജഡ്ജിമാരാവുന്നു. രാഷ്ട്രപതിയുടെ അനുമതിയെ തുടർന്ന് ഇവരെ അഡീഷനൽ ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവിട്ടു. കേരള ഹൈകോടതിയിലെ ആദ്യ വനിത രജിസ്ട്രാർ ജനറൽ സോഫി തോമസ്, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി.എസ് സുധ, ൈഹകോടതി സബ് ഓഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാർ പി.ജി. അജിത് കുമാർ, കോട്ടയം ജില്ല സെഷൻസ് ജഡ്ജി സി. ജയചന്ദ്രൻ എന്നിവരെയാണ് അഡീഷനൽ ജഡ്ജിമാരായി നിയമിച്ചത്. സോഫി തോമസ് മൂവാറ്റുപുഴ വാഴക്കുളം എലുവിച്ചിറയിൽ അന്തരിച്ച മാത്യു തോമസിെൻറയും ഏലിക്കുട്ടിയുടെയും മകളാണ്. മൂവാറ്റുപുഴ സബ് ജഡ്ജ് ആയിരിക്കെയാണ് ജില്ല ജഡ്ജിയായത്. ഓർത്തോപീഡിക് സർജനായ ഡോ. ടി. വൈ പൗലോസാണ് ഭർത്താവ്. മക്കൾ: ഡോ. പ്രണോയ് പോൾ (എം. എസ് ഓർത്തോ വിദ്യാർഥി), പ്രിയങ്ക പോൾ (പാല മുൻസിഫ്).
തിരുവനന്തപുരം അമ്പലമുക്ക് എൻ.സി.സി റോഡ് പ്രിയംവദയിൽ എജീസ് ഓഫിസ് മുൻ ഉദ്യോഗസ്ഥൻ പരേതനായ കെ.ചന്ദ്രശേഖരൻ നായരുടെയും പാൽക്കുളങ്ങര എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട. പ്രിൻസിപ്പൽ സുലോചന ദേവിയുടെയും മകളാണ് സി. എസ്. സുധ. മേയ് 24നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേറ്റത്. സുപ്രീം കോടതി അഭിഭാഷകനായിരുന്ന പരേതനായ ബി.വി. ദീപക്കാണ് ഭർത്താവ്. സുപ്രീം കോടതി അഭിഭാഷകൻ എസ്.ഡി. കാർത്തിക് മകനാണ്.
കൊല്ലം അഞ്ചൽ വയലാ സ്വദേശിയായ പി.ജി. അജിത് കുമാർ പരേതനായ ആർ. ഗോപാല പിള്ളയുടെയും ജെ. തങ്കത്തിെൻറയും മകനാണ്. 2011ൽ ജില്ല ജഡ്ജിയായി. ഭാര്യ: വി.എൻ രമ. മക്കൾ: എ. ആർ. അതുൽ (ഗൂഗ്ൾ), എ. ആർ. അമൽ (തമിഴ്നാട് നാഷനൽ ലോ യൂനിവേഴ്സിറ്റി വിദ്യാർഥി)
ആലുവ സ്വദേശിയായ സി. ജയചന്ദ്രൻ ആർ. ചന്ദ്രശേഖര കർത്തയുടെയും എൽ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. തിരുവനന്തപുരം അഡീ. ജില്ല ജഡ്ജി, കെൽസ മെംബർ സെക്രട്ടറി, തൃശൂർ സ്പെഷൽ ജഡ്ജി, കൊല്ലത്തും തിരുവനന്തപുരത്തും പ്രിൻസിപ്പൽ ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ബി. അണിമയാണ് ഭാര്യ. മകൻ: കൃഷ്ണപ്രസാദ്.ജെ.ചന്ദ്രൻ. നാലുപേർ കൂടി ചുമതലയേൽക്കുന്നതോടെ ഹൈകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 41 ആകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.