തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാനുപാതത്തിൽ പൊലീസുകാരില്ലെന്ന് സമ്മതിച്ച് ആഭ്യന്തരവകുപ്പ്. 35 വർഷം മുമ്പുള്ള അംഗബലമാണ് പൊലീസ് സേനക്ക് ഇപ്പോഴുമുള്ളത്. സംസ്ഥാനത്തെ 3.3 കോടി പേർക്ക് 53,222 പേരാണ് പൊലീസിലുള്ളത്. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2022ൽ 2.36 ലക്ഷം ക്രിമിനൽ കുറ്റങ്ങൾ സംസ്ഥാനത്ത് നടന്നു. ജനസംഖ്യ കൂടുന്നതിന് അനുസരിച്ച് കുറ്റകൃത്യങ്ങളിലും ഗണ്യമായ വർധനയുണ്ടായി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ 2016ലെ പഠന റിപ്പോർട്ട് 500 പൗരന്മാർക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന അനുപാതം ശിപാർശ ചെയ്യുന്നുണ്ടെങ്കിലും നിലവിലെ അനുപാതം 656 പേർക്ക് ഒരു പൊലീസുകാരനാണ്. അതായത് നിലവിൽ സേനയിൽ 7000 പൊലീസുകാരുടെ കുറവുണ്ട്.
ജനസംഖ്യാനുപാതികമായി സൈബർ കുറ്റകൃത്യങ്ങളും പ്രത്യേക അന്വേഷണ വിഭാഗങ്ങളും ഉൾപ്പെടെ സേനയുടെ ആവശ്യം ഗണ്യമായി വർധിച്ചു. അതിനാല്‍ മിക്കവരും അധിക സമയം ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു. പലർക്കും 18 മണിക്കൂറുകൾ വരെ തുടർച്ചയായി ജോലി ചെയ്യേണ്ട അവസ്ഥയാണ്. പൊലീസുകാർക്കിടയിലെ ആത്മഹത്യയും കാണാതാകലുമൊന്നും ഇന്നൊരു വാർത്തയല്ലാതായി. ജോലിഭാരം കാരണം വകുപ്പുമാറ്റവും രാജിയുമുൾപ്പെടെ സേനയിൽ പതിവാണ്. കഴിഞ്ഞ മാർച്ചിൽ കാസർകോട് ജില്ലയിൽ എസ്.ഐ ജോലി ഉപേക്ഷിച്ച് യു.ഡി ക്ലർക്ക് തസ്തികയിലേക്ക് തിരിച്ചു പോയ എൻ.സി. സനീഷ് കുമാറിന്റെ തീരുമാനം സേനാംഗങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ചർച്ചയായിരുന്നു.
സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളില്‍ 364 സ്റ്റേഷനുകളിലും പൊലീസുകാരുടെ അംഗസംഖ്യ അമ്പതില്‍ താഴെയാണ്. 44 സ്റ്റേഷനുകളില്‍ 19 മുതല്‍ 30 വരെ ഉദ്യോഗസ്ഥരേ ഉള്ളൂ.
പൊലീസ് സ്റ്റേഷനുകളിലെ നിലവിലെ അംഗബലം സംബന്ധിച്ചും 18,229 പേരെ അധികം ആവശ്യപ്പെട്ടും 2017ൽ ഡി.ജി.പി ആഭ്യന്തര വകുപ്പിനു നൽകിയ റിപ്പോർട്ട് സെക്രട്ടേറിയറ്റിൽനിന്നു കാണാതായത് വിവാദമായിരുന്നു. സ്റ്റേഷനുകളിൽ പൊലീസുകാരുടെ കുറവ് കേരള പൊലീസ് അസോസിയേഷൻ വീണ്ടും സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പഴയ റിപ്പോർട്ട് ആഭ്യന്തര വകുപ്പിൽ കാണാനില്ലെന്ന കാര്യം പുറത്തായത്. ഇതോടെ അടിയന്തരമായി പുതിയ കണക്കെടുപ്പിന് നിർദേശം നൽകിയെങ്കിലും നടപടിയൊന്നുമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.