കാര്യവട്ടം ക്യാമ്പസിൽ ഇടിമുറിയില്ലെന്ന് അന്വേഷണ സമിതിയുടെ റിപ്പോർട്ട്; 'മർദിച്ചതിന് തെളിവില്ല'

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ 'ഇടിമുറി മർദനം' തള്ളി കേരളാ സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട്‌. ക്യാമ്പസിൽ ഇടിമുറികളില്ലെന്നും മർദന ആരോപണമുന്നയിച്ച കെ.എസ്.യു നേതാവ് സാൻജോസിനെ എസ്.എഫ്.ഐക്കാർ ഏതെങ്കിലും മുറിയിൽ കൊണ്ടുപോയി മർദിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട്‌ രജിസ്ട്രാർ വൈസ് ചാൻസലർക്ക് കൈമാറി.

ക്യാമ്പസിൽ ഇടിമുറിയുണ്ടെന്ന ആരോപണം പൂർണമായി തള്ളുന്നതാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്‌. ആരോപണം ഉയർന്ന ഹോസ്റ്റലിലെ 121-ാം നമ്പർ മുറി ഒരു ഗവേഷക വിദ്യാർഥിയുടേതാണ്. സംഭവദിവസം ആ മുറി പൂട്ടിക്കിടക്കുകയായിരുന്നു. ഇടിമുറി മർദനമേറ്റെന്ന ആരോപണമുന്നയിച്ച കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി സാൻജോസിനെ ഏതെങ്കിലും മുറിയിൽ കൊണ്ടുപോയെന്നുള്ളതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവദിവസം കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘര്‍ഷമുണ്ടായി. എന്നാൽ ആസൂത്രിത ആക്രമണമല്ല നടന്നത്. പുറത്തുനിന്ന് ജോഫിൻ എന്നയാൾ വന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാര്‍ഥിനിയായ സഹോദരിയെ കോളജിൽ എത്തിക്കാൻ വന്നതായിരുന്നു ജോഫിൻ. ജോഫിനും സഹോദരിയും സാന്‍ജോസും ഒരു ബൈക്കിലാണെത്തിയത്. ജോഫിൻ ഒറ്റയ്ക്ക് തിരികെ പോകുമ്പോൾ ഹോസ്റ്റലിനടുത്തുവെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകർ തടഞ്ഞ് താക്കോൽ ഊരിവാങ്ങിച്ചു. ഇതറിഞ്ഞ് സാൻജോസ് എത്തുകയും പിന്നീട് ഇരുഭാഗത്തും കൂടുതൽ പേരെത്തി തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് നടന്ന സംഘർഷത്തിൽ സാൻജോസിനും എസ്.എഫ്.ഐ പ്രവർത്തകനായ അഭിജിത്തിനും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സി.സി.ടി.വി കേടായതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, കമീഷനെതിരെ കെ.എസ്.യു രംഗത്തുവന്നു. എസ്.എഫ്.ഐക്കാരെ സംരക്ഷിക്കുവാനുള്ള റിപ്പോർട്ടാണിതെന്ന് കെ.എസ്.യു ആരോപിച്ചു. ഇടത് അധ്യാപകർ മാത്രം ഉൾപ്പെട്ട അന്വേഷണ സമിതി റിപ്പോർട്ട് പ്രതിഷേധാർഹമാണെന്നും നീതി ലഭ്യമാകും വരെ മുന്നോട്ട് പോകുമെന്നും കെ.എസ്.യു അറിയിച്ചു. 

Tags:    
News Summary - there is no idimuri in Karyavattam campus enquiry committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.