പൊന്നാനി: വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിച്ച വൈറൽ ദൃശ്യത്തിലുണ്ടായിരുന്നത് പൊന്നാനി സ്വദേശികളായ മുഹമ്മദ് അജ്മലും മുസീറും. വളാഞ്ചേരി-കൊപ്പം റോഡിലെ കൊപ്പം ഒന്നാന്തിപടിയിൽ റിബാൻ എന്ന പിഞ്ചുകുഞ്ഞിനെ രക്ഷിച്ച കാര്‍ യാത്രക്കാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം വൈറലായിരുന്നു.
റോഡിലേക്ക് വരുന്ന കുഞ്ഞിനെ ആദ്യം കണ്ടത് വാഹനമോടിച്ചിരുന്ന അജ്മലായിരുന്നു. മുസീറാണ് വാഹനത്തില്‍നിന്നിറങ്ങി കുഞ്ഞിനെ വീട്ടുകാരെ ഏല്പിച്ചത്. ബന്ധുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് കഴിഞ്ഞ ശനിയാഴ്ച ഇവർ ഒരു വയസ്സുകാരനെ രക്ഷപ്പെടുത്തി വീട്ടുകാര്‍ക്ക് കൈമാറിയത്. റോഡിലേക്ക് ഒറ്റക്ക് ഇറങ്ങിപ്പോയ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തുന്ന കാര്‍ യാത്രക്കാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വലിയൊരു അപകടത്തില്‍നിന്ന് തലനാരിഴക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. വീട്ടിലുള്ള അമ്മയുടെ കണ്ണുവെട്ടിച്ച് മുറ്റവും കടന്ന് റോഡിലേക്ക് പിച്ചവെച്ച് നടക്കുന്ന ഒരുവയസ്സുകാരനെ ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞിനെ തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. അതിനിടെ വന്നൊരു കാര്‍ കുട്ടിക്കരികില്‍ നിര്‍ത്തി കുഞ്ഞിനെ വീട്ടില്‍ കൊണ്ടുചെന്നാക്കുകയായിരുന്നു.
നടക്കാന്‍ തുടങ്ങിയിട്ടേയുള്ളു റിബാന്. മുമ്പ് ഇങ്ങനെ ഒറ്റക്ക് പുറത്ത് പോയിട്ടില്ല. വീട്ടില്‍ അമ്മ മാത്രമുള്ളപ്പോഴാണ് റിബാന് റോഡിലേക്ക് ഇറങ്ങിപ്പോയത്. കാര്‍ യാത്രക്കാരാരെന്ന് കണ്ടെത്താന്‍ റിബാന്റെ മാതാപിതാക്കള്‍തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇവരെ നേരിൽ കണ്ട് നന്ദി പറയണമെന്നാണ് വീട്ടുകാരുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.