കൊച്ചി: മാസ്കിനകത്തുകൂടി നിറഞ്ഞൊന്നു ചിരിക്കാൻ പോലുമാകാതെ വീട്ടുമുറ്റത്ത് വിഷണ്ണനായി നിൽക്കുന്ന സ്ഥാനാർഥിയും, 'ഇങ്ങോട്ടു കേറല്ലേ... സാമൂഹിക അകല'മെന്ന് കൈകൂപ്പുന്ന വീട്ടുകാരനുമൊക്കെയുള്ള കോൺട്ര സീൻ ആണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് കരുതാൻ വരട്ടെ... നിറചിരിയും വാഗ്ദാനപ്പെരുമഴയുമായി അകത്തളങ്ങളിൽ അവരെത്തുക തന്നെ ചെയ്യും, ഡിജിറ്റൽ രൂപത്തിലാണെന്നു മാത്രം. കോവിഡ് കാലത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് ഹൈടെക് തന്ത്രങ്ങളാണ്. മുന്നണികളും പാർട്ടികളും നടത്തുന്ന മുന്നൊരുക്കം വിലയിരുത്തുേമ്പാൾ പ്രചാരണത്തിൽ അരങ്ങേറുന്നത് ഡിജിറ്റൽ യുദ്ധമാകും.
വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാനും പ്രചാരണം രൂപകൽപന ചെയ്യാനും ഏജൻസികൾ, സമൂഹമാധ്യമങ്ങളെ കൈയിലെടുക്കാൻ സ്റ്റാർട്ടപ് സംരംഭകർ, പാർട്ടി ഓഫിസുകൾ കേന്ദ്രീകരിച്ച് ലൈവ് സ്റ്റുഡിയോകൾ...ഇതൊക്കെയാണ് ഡിജിറ്റൽ തെരഞ്ഞെടുപ്പ് കാഴ്ചകൾ. തെരഞ്ഞെടുപ്പ് കമീഷെൻറ മാർഗനിർദേശങ്ങൾ വന്നതോടെ പരമ്പരാഗത പ്രവർത്തനങ്ങൾ ഇത്തവണ പഴങ്കഥയാകും. വോട്ടർമാരെ കൂട്ടമായി കണ്ട് വോട്ട് ചോദിക്കാനാവില്ല. അതിനാൽ ഒാരോരുത്തരെയും ഡിജിറ്റൽ ലോകത്തേക്ക് കൊണ്ടുവരാനാണ് ശ്രമം.
വോട്ടർമാരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ഫോണിൽ ബന്ധപ്പെടുകയും പറയാനുള്ളവ ചെറുവിഡിയോകളായി അയക്കുകയും ചെയ്യുന്ന രീതിയാണ് പല പാർട്ടികളും പരീക്ഷിക്കാനൊരുങ്ങുന്നത്. വോട്ടർമാരുടെ വിവരശേഖരണത്തിനും രാഷ്ട്രീയ ഉള്ളടക്കമുള്ള വിഡിയോകളും ഓഡിയോകളും മറ്റ് ഡിജിറ്റൽ പ്രചാരണ സാമഗ്രികളും തയാറാക്കി നൽകാനും നിരവധി സ്റ്റാർട്ടപ് സംരംഭങ്ങളും പി.ആർ ഏജൻസികളും പാർട്ടികളെ സമീപിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളെയും വോട്ടർമാരെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന മാർഗനിർദേശങ്ങളും ഇവർ നൽകും. അവകാശവാദങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയല്ല, മറിച്ച് സ്ഥാപിക്കുന്ന ഡിജിറ്റൽ തെളിവുകൾകൂടി വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കുന്നതാണ് മറ്റൊരു തന്ത്രം. പാർട്ടികൾക്ക് പുറത്തുള്ളതും സജീവ രാഷ്ട്രീയമില്ലാത്തവരുമായ വിദ്യാർഥികളും യുവാക്കളും വീട്ടമ്മമാരുമാണ് പ്രധാന ലക്ഷ്യം.
പാർട്ടി ഓഫിസുകൾ കേന്ദ്രീകരിച്ച ലൈവ് സ്റ്റുഡിയോകളാണ് മറ്റൊന്ന്. വോട്ടർമാരിലെത്തിക്കാനുള്ള സ്ഥാനാർഥികളുടെ ചെറുപ്രസംഗങ്ങളും സന്ദേശങ്ങളും വോട്ടഭ്യർഥനകളും തയാറാക്കാനാണ് ഇത്.
വാർഡ് കമ്മിറ്റി യോഗങ്ങൾവരെ ഓൺലൈനായി ചേരുന്നതിെൻറ ഭാഗമായി പ്രവർത്തകർക്ക് ഗൂഗ്ൾ മീറ്റ്, സൂം ആപ്പുകളെക്കുറിച്ച ബോധവത്കരണം എന്നിവ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.