തിരുവല്ലയിലെ കുട്ടിക്കടത്ത് നിയമം ലംഘിച്ച്; അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ല -ശിശു സംരക്ഷണ സമിതി

തിരുവല്ല: കലാപം നടക്കുന്ന മണിപ്പൂരിലെ സിറ്റിപ്പൂർ ജില്ലയിൽ നിന്നും 50ലേറെ കുട്ടികളെ തിരുവല്ലയിലേക്ക് കടത്തിയത് നിയമം ലംഘിച്ചാണെന്ന് ജില്ലാ ശിശു സംരക്ഷണ സമിതി. സംരക്ഷണവും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് തിരുവല്ല മനക്കച്ചിറ ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്യം മിനിസ്ട്രീസ് എന്ന സ്ഥാപനം രണ്ടു മാസം മുമ്പ് കുട്ടികളെ എത്തിച്ചത്. എന്നാൽ, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വിദ്യാർഥികളെ എത്തിക്കാനുള്ള യാതൊരു നടപടിക്രമങ്ങളും ഇവർ പാലിച്ചിരുന്നില്ലെന്ന് ശിശു സംരക്ഷണ സമിതി (സി.ഡബ്ല്യു.സി) ജില്ലാ ചെയർമാൻ എൻ. രാജീവ് പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിരുന്നില്ല. കൃത്യമായി ഭക്ഷണവും നൽകിയില്ല. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ നിലയിൽ താമസിപ്പിച്ചു. ശുചിമുറി സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. ഞായറാഴ്ചകളിൽ ബ്രെഡ് മാത്രമായിരുന്നു കഴിച്ചിരുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സി.ഡബ്ല്യു.സി നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ബുദ്ധിമുട്ടുകൾ കണ്ടെത്തിയത്. തിരുമൂലപുരത്തെ സ്വകാര്യ സ്കൂളിലാണ് കുട്ടികളെ ചേർത്തത്. കവിയൂരിലുള്ള ജസ്റ്റിൻ ഹോമിലായിരുന്നു താമസം.

സംഭവത്തിൽ സത്യം മിനിസ്ട്രീസിനോട് ശിശു സംരക്ഷണ സമിതി നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തിരുത്താനും സമയം നൽകിയിട്ടും സ്ഥാപനം നിഷേധാത്മക നിലപാട് സ്വീകരിച്ചതായി ശിശു സംരക്ഷണ സമിതി ജില്ലാ ചെയർമാൻ പറഞ്ഞു.

ശിശു സംരക്ഷണ സമിതിയുടെ ആദ്യ പരിശോധനയിൽ 32 ആൺകുട്ടികളും 24 പെൺകുട്ടികളുമടക്കം 56 കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ, രണ്ടാമത്തെ പരിശോധനയിൽ 19 പെൺകുട്ടികളെയും 9 ആൺകുട്ടികളെയുമാണ് കണ്ടെത്തിയത്. ആൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അധീനതയിൽ കൊല്ലത്തുള്ള ബോയ്സ് ഹോമിലേക്കും പെൺകുട്ടികളെ തിരുവല്ലയിലെ മഞ്ഞാടി നിക്കോൾസൺ ഹയർസെക്കൻഡറി സ്കൂളിലെ ഹോസ്റ്റലിലേക്കും മാറ്റി.

മണി​പ്പൂരിലെ ഗോത്ര വിഭാഗമായ കുക്കി ഓർഗനൈസേഷനോടും കുട്ടികളുടെ മാതാപിതാക്കളോടും ചർച്ച ചെയ്തശേഷം ശിശു സംരക്ഷണ സമിതി തുടർ നടപടി സ്വീകരിക്കും. രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ തിങ്കളാഴ്ച സത്യം മിനിസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കുട്ടികളെ മാറ്റിയത്. 

Tags:    
News Summary - Thiruvalla Child Trafficking: SATHYAM MINISTRIES not provided basic facilities -CWC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.