ഒരു കുറ്റി ഗ്യാസിന് 1006 രൂപ: ആര്യരാജേ​​ന്ദ്രൻ ചോദിക്കുന്നു: `അല്ലയോ മോദിജി അടുക്കള പൂട്ടേണ്ടി വരുമോ​?'

തിരുവനന്തപുരം: ഒരു കുറ്റി ഗ്യാസിന് 1006 രൂപയായി. ജീവിതം എങ്ങനെ മുന്നോട്ട് നീക്കുമെന്ന ആശങ്ക ശക്തമാണ്. ഇതോടൊപ്പം ചേർന്നുനിൽക്കുകയാണ് തിരുവനന്തപുരം മേയർ ആര്യരാജേ​​ന്ദ്രൻ. ​

തന്റെ ഫെയ്സ്ബുക്ക് പേജിലുടെ അവർ ചോദിക്കുകയാണ് ``അല്ലയോ മോദിജി അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ വലിയൊരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്ന ലക്ഷക്കണക്കിന് പെൺകുട്ടികളുടെ പ്രതിനിധി കൂടിയായി ചോദിക്കുകയാണ്, ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ അങ്ങേയ്ക്ക് കഴിയില്ലേ ?''

​ഫെയ്സ്ബുക്ക് പോസ്റ്റിങ്ങനെ: ``രാവിലെ പോകാനിറങ്ങിയപ്പോൾ അമ്മയുടെ ആശങ്ക "ഡേയ് 1006 രൂപ ആയി ഒരു കുറ്റി ഗ്യാസിന്, ഇക്കണക്കിന് നിന്റെ കല്യാണം ആകുമ്പോ മൂവായിരം ആകുമല്ലോ മക്കളെ"

" അച്ഛാ ദിൻ വരുന്നതാണ് അമ്മ " എന്നും പറഞ്ഞ് തിരക്കിട്ട് കാറിൽ കയറിയെങ്കിലും അമ്മ പറഞ്ഞതിലെ ആ പ്രശ്‌നം അങ്ങോട്ട് വിടാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പാടെ തകർന്ന് പോകും വിധമാണ് പാചകവാതകത്തിന്റെയും നിത്യോപയോഗ സാധങ്ങളുടെയും വില കുതിക്കുന്നത്. സാധനവില വർദ്ധിക്കുന്നത് ഇന്ധവില വർദ്ധനയുടെ ഉപോല്പന്നമായാണ്. തൊഴിലില്ലായ്മ മുമ്പത്തേക്കാൾ രൂക്ഷമാകുന്നു എന്നാണ് വാർത്തകൾ. തൊഴിലിടങ്ങളിൽ കടുത്ത മത്സരമാണ് ഇപ്പോൾ. ഒന്നോ രണ്ടോ ഒഴിവുകളിലേക്ക് ആയിരമോ രണ്ടായിരമോ അതിലധികം പേരോ ആണ് അപേക്ഷിക്കുന്നത്. പലരും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയ്ക്കും മുകളിൽ യോഗ്യതയുള്ളവർ. ഒരു പക്ഷെ കേരളത്തിലായത് കൊണ്ട് ഈ ബുദ്ധിമുട്ടുകളുടെ രൂക്ഷത നമ്മളറിയാതെ പോകുന്നതാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല. ഇവിടെ സംസ്ഥാനസർക്കാർ പലതരത്തിൽ വിപണിയിൽ ഉൾപ്പെടെ ഇടപെടുന്നത് വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായകമാണ്. വിവിധ ക്ഷേമ പദ്ധതികളിലൂടെ ചെറുതെങ്കിലും ഒരു തുക പണമായി ജനങ്ങളിൽ എത്തിക്കാൻ നമുക്ക് കഴിയുന്നുണ്ട്. എന്തെങ്കിലും ഒരു ജോലിയ്ക്ക് സാധ്യതയുണ്ടാക്കാൻ കഴിയുന്ന സമാധാനമുള്ള ഒരു സാമൂഹിക അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നു. ഇതെല്ലാം നിലനിൽക്കെ തന്നെ വിലക്കയറ്റം ഇങ്ങനെ കുതിക്കുമ്പോൾ എത്രനാൾ പിടിച്ച് നിൽക്കാനാകും നമുക്ക്.

ഉള്ളിൽ ഒരു ഭയം രൂപപ്പെടുന്നത് എനിക്ക് മനസ്സിലായി. തലസ്ഥാനത്തിന്റെ മേയർ ആയത് കൊണ്ട് ഗ്യാസിന് പ്രത്യേക കിഴിവൊന്നുമില്ലല്ലോ. ഡീസലിനും പെട്രോളിനും അതന്നെ അവസ്ഥ. വീട്ടുസാധങ്ങൾക്കും കിഴിവ് കിട്ടില്ല. ഔദ്യോഗിക വാഹനത്തിൽ നഗരസഭയുടെ ചിലവിൽ ഇന്ധനം നിറച്ചാലും അതും നമ്മുടെ എല്ലാവരുടെയും പണമല്ലേ.

അല്ലയോ മോദിജി അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ വലിയൊരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്ന ലക്ഷക്കണക്കിന് പെൺകുട്ടികളുടെ പ്രതിനിധി കൂടിയായി ചോദിക്കുകയാണ്, ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ അങ്ങേയ്ക്ക് കഴിയില്ലേ ?''. 

Tags:    
News Summary - Thiruvananthapuram Mayor Aryarajendran opposes cooking gas price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.