തിരുനാവായ: ധനു മാസത്തിലെ തിരുവാതിര ചൊവ്വാഴ്ച. കുടുംബ സൗഭാഗ്യവും ഇഷ്ടഭർതൃ ഭാഗ്യവും കൊതിക്കുന്ന മലയാളി മങ്കമാരുടെ ഉത്സവമാണിത്. ബാലഗോപാലനെ ഭർത്താവായി ലഭിക്കാൻ ഗോപികമാർ കാർത്യായനി പൂജ നടത്തിയതും കുമാര സംഭവത്തിന് മുമ്പ് കാമദേവൻ ദഹിച്ചപ്പോൾ വിലപിച്ചു തുടങ്ങിയ രതിയെ പരമശിവൻ നെടുമംഗല്യം നൽകി അനുഗ്രഹിച്ചതും തിരുവാതിര നാളിലെന്നാണ് വിശ്വാസം.
ശിവപൂജക്ക് പ്രാധാന്യം നൽകുന്ന ഈ ദിനത്തിൽ ശിവക്ഷേത്ര ദർശനം വിശേഷമായി കണക്കാക്കുന്നു. സൂര്യോദയത്തിനു മുമ്പുള്ള തുടികൊട്ടിക്കുളി (മംഗല്യസ്നാനം), ആർദ്രാദർശനം, നൊയമ്പ്, എട്ടങ്ങാടി നിവേദ്യം, ഉറക്കമൊഴിക്കൽ, പാതിരാപ്പൂ ചൂടൽ, സ്വയംവരം പാടൽ, കോടിയലക്കിയ മുണ്ടുടുക്കൽ, കണ്ണെഴുതി ചന്ദനവും കുങ്കുമവും തൊടൽ എന്നിവയാണ് തിരുവാതിരയുടെ മുഖ്യ ചടങ്ങുകൾ.
മകയിരം നൊയമ്പ് മക്കൾക്കും തിരുവാതിര നൊയമ്പ് നെടുമംഗല്യത്തിനും പുണർതം നൊയമ്പ് സഹോദരന്മാർക്കുമെന്നാണ് വിശ്വാസം. അതിനാൽ കുടുംബ ബന്ധങ്ങൾ സുദൃഢമാക്കുന്ന ആഘോഷം കൂടിയാണ് തിരുവാതിര. വ്രതമെടുക്കുന്ന സ്ത്രീകൾ അരിയാഹാരം വെടിഞ്ഞ് ഗോതമ്പ് കഞ്ഞിയും മറ്റു ലഘുഭക്ഷണവുമാണ് കഴിക്കുക. തിരുവാതിര ദിവസം കാച്ചിൽ, ചേന, ചേമ്പ്, മുതിര, വൻപയർ, കാവത്ത് തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന പുഴുക്ക്, കൂവപ്പായസം, ചെറുപഴം എന്നിവ മുഖ്യമാണ്. ഭക്ഷണം കഴിഞ്ഞാൽ തിരുവാതിരക്കളി, ഊഞ്ഞാലാട്ടം എന്നിവയും പതിവുണ്ടായിരുന്നു.
ഡിജിറ്റൽ യുഗത്തിൽ മതപരമായ ആഘോഷങ്ങളിലടക്കം കാതലായ മാറ്റങ്ങൾ സംഭവിച്ചെങ്കിലും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടും ചിട്ടകളോടും കൂടി തിരുവാതിരയെ വരവേൽക്കുന്ന ഒട്ടേറെ തറവാടുകൾ ഇന്നും നാട്ടിൻപുറങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.