നെടുമങ്ങാട്: ഒരുഡസനിലേറെ കുടങ്ങൾ കെട്ടിത്തൂക്കി മഹീന്ദ്രയുടെ ടി.യു.വി 300. പച്ചയും ചുവപ്പും മഞ്ഞയുമടക്കം വിവിധ നിറങ്ങളിലുള്ള ഈ കുടങ്ങൾ ഈ എസ്.യു.വി വാഹനത്തിൽ വിൽപനക്ക് കൊണ്ടുപോകുന്നതാണ് എന്ന് കരുതിയെങ്കിൽ തെറ്റി. പുതുവത്സരത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത വാറ്റുപകരണങ്ങളാണ് എക്സൈസിന്റെ വണ്ടിയിൽ കെട്ടിത്തൂക്കിയിരിക്കുന്നത്.
ആര്യനാട്, ചെറുമഞ്ചൽ, വിരിപ്പന്നി, കൊമ്പൊടിഞ്ഞ കട്ടയ്ക്കാൽ എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ കരമനയാറിന്റെ കിഴക്കരുകിലുള്ള ഈറക്കാട്ടിൽനിന്നാണ് വാറ്റുകേന്ദ്രം പിടികൂടിയത്. വൻതോതിൽ ചാരായം വാറ്റുവാനായി പ്ലാസ്റ്റിക് കുടങ്ങളിലും വാറ്റുകാർക്കിടയിൽ പെരുമ്പാമ്പ് എന്നറിയപ്പെടുന്ന വലിയ പ്ലാസ്റ്റിക് കവറുകളിലുമായി സൂക്ഷിച്ച 520 ലിറ്റർ കോടയും വില്പന നടത്താൻ സൂക്ഷിച്ച 2ലിറ്റർ ചാരായവും കണ്ടെടുത്തു. പരിശോധനയിൽ 10,000 രൂപയുടെ വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം തുടരുന്നതായും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രിവന്റീവ് ഓഫിസർ വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫിസർമാരായ നജിമുദീൻ, ഷജിം, ഷജീർ, ഡ്രൈവർ മുനീർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.