മെഡിക്കൽ കോളജിലെ ഫോറൻസിക് ജീവനക്കാർ ബീഫ് കൂട്ടി 'ശുദ്ധ നോൺവെജ്' ഓണസദ്യ കഴിക്കാൻ കാരണം ഇതാണ്

കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ജീവനക്കാർ ഓണാഘോഷം നടത്തുന്നതിന്റെ ദൃശ്യങ്ങൾ അവിടുത്തെ ഒരു ഡോക്ടർ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഓണസദ്യയിൽ ബീഫ് ഉൾപ്പെടുത്താനുള്ള കാരണം വിശദീകരിച്ച് ഫോറൻസിക് വിഭാഗം ഡോക്ടറായ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഡോക്ടറുടെ കുറിപ്പിൽനിന്ന്:

ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിൽ നടന്ന ഓണാഘോഷത്തിന്റെ ഫോട്ടോകൾ ഫേസ്ബുക്കിൽ ഇട്ടതിന് ശേഷം കുറേ പേർ മെസഞ്ചറിലും കമന്റായും എസ്സെമെസ്സായും അല്ലാതെയുമൊക്കെ ചോദിച്ച ചോദ്യങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഉത്തരം കൊടുക്കാൻ മെനക്കെടാൻ വയ്യാത്തത് കൊണ്ട് ഒരു ഓപ്പൺ പോസ്റ്റായി ഇതെഴുതുന്നു.

രണ്ട് സ്പെസിഫിക്ക് ചോദ്യങ്ങൾക്കാണ് മറുപടി പറയേണ്ടത് എന്ന് തോന്നിയത്. ഓണസദ്യയുടെ മെനുവിൽ മാംസാഹാരം ചേർത്തതിന്റെ കാരണം? എന്ത് കൊണ്ടാണ് ഫോറെൻ്സിക്കിലുള്ളവർ ഇങ്ങനെ വളരെ കോമിക്കലായ ഒരു പരിപാടി സംഘടിപ്പിച്ചത്? അതിനുള്ള കാരണം? ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം പേഴ്സണൽ പ്രിഫറൻ്സുകളിൽ നിന്നാണ്. രണ്ടാമത്തേത് ഒരു ജനറലൈസ്ഡ് മറുപടിയാണ്.

ആദ്യം, ഓണസദ്യയുടെ മെനു ഓണസദ്യയെന്നല്ല എതു നേരത്തെ ഭക്ഷണത്തിലും എന്റെ ഫുഡ് മെനു കംപ്ലീറ്റിലി നോൺവെജാണ്. രാവിലെ ബ്രേക്ഫാസ്റ്റിന് മുട്ടയും, ഉച്ചയ്ക്ക് ഊണിന് മീനും, രാത്രി അത്താഴത്തിന് ഇറച്ചിയും കിട്ടിയില്ലെങ്കില്‍ എനിക്ക് കരച്ചിൽ വരും. സത്യം പറഞ്ഞാൽ ഞാൻ നോൺവെജിറ്റേറിയൻ എന്ന് എന്നെ വിളിക്കില്ല. ഞാനൊരു ഓബ്ലിഗേറ്റ് കാർണിവോറാണ്. കേരളത്തിന്റെ എന്നല്ല ലോകത്തിന്റെ തന്നെ പ്രിൻസിപ്പൽ ബീഫ് ഈറ്റർ ഞാനാണ്. ഇത് എന്റെ ഇഷ്ടമാണ്. തിരഞ്ഞെടുപ്പുമാണ്.

ഗതിയുണ്ടെങ്കിൽ ഞാൻ വെജിറ്റേറിയൻ ഭക്ഷണം ഒഴിവാക്കും. ഉച്ചക്ക് മീൻ കറിയോ വറുത്തതോ കിട്ടിയില്ലെങ്കില്‍ മിനിമം മീൻ കഴുകിയ വെള്ളമെങ്കിലും ദൂരെ കാണുകയെങ്കിലും വേണം. അതല്ലെങ്കിൽ എനിക്ക് അതീവ ഹൃദയവേദന അനുഭവപ്പെടും. കരച്ചില് വരികേം കരയുകേം ചെയ്യും. ഇക്കാരണങ്ങളാലൊക്കെ തന്നെ ഉച്ചപ്പട്ടിണിയാകാതിരിക്കാൻ സാധാരണ ഹിന്ദുക്കളുടെ വിവാഹങ്ങൾക്ക് ഞാൻ അങ്ങനെ പോകാറില്ല. പോയാൽ തന്നെ വെജിറ്റേറിയൻ സദ്യയായതത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാതെ തിരിച്ച് പോരാറാണ് പതിവ്. എന്നിട്ട് എവിടെങ്കിലും പോയി നല്ല നോൺവെജ് ഫുഡ് കഴിക്കും. എവിടുന്നെങ്കിലും കല്യാണം വിളി വരുമ്പോ ഒരു നാണവുമില്ലാതെ ഞാൻ ഫുഡ്ഡിനേ പറ്റി തിരക്കും. വെജ് സദ്യയാണ് എന്ന് ഉത്തരം കിട്ടുമ്പോൾ "സോറി.. ഞാൻ കല്യാണത്തിന് വരാമോന്ന് നോക്കട്ടേ.. ഉറപ്പില്ല.. വന്നാലും ഫുഡ് കഴിക്കില്ല" എന്ന് തന്നെ വെട്ടിത്തുറന്നു പറയും.

വെജിറ്റേറിയൻ മാത്രം കഴിക്കുന്നവർ കല്യാണവിരുന്നിനും അത് കഴിക്കുന്നതിനോട് എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷെ അത് പോലെയല്ല നോൺവെജ് കഴിക്കുന്നവരുടെ കാര്യം. വിവാഹം പോലുള്ള "മംഗള"കർമ്മങ്ങൾക്ക് (ഉറക്കെ ചിരിക്കുന്നു..) ഐശ്വര്യക്കേടും അശ്രീകരവുമാണ് മാംസാഹാരം എന്ന ഒരു ബോധ്യം വച്ച് പുലർത്തുന്ന ഒരുപാട് മണ്ടന്മാരുണ്ട് ഈ നാട്ടിൽ. ഇത് ചില മണ്ടന്മാരിൽ മാത്രം ഒതുങ്ങുന്ന "മണ്ടത്തരം" മാത്രമല്ല. ഏതാണ്ട് ശക്തമായ ഒരു പൊതു ബോധവും അതിനെ പിന്താങ്ങുന്ന ഉറച്ച ഒരു മൂല്യബോധവും ഇതിന്റെ പിന്നിൽ ഉണ്ടെന്ന് തന്നെയാണത് എന്റെ തോന്നൽ.

മാംസാഹാരം കഴിക്കുന്നവരിൽ ഒരുതരം "അശുദ്ധി" ആരോപിക്കുന്ന, അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സാമൂഹ്യപൊതുബോധത്തിന്റെ ഉറവിടം കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടൊന്നും പെടേണ്ടതുണ്ടെന്നും എനിക്ക് തേന്നുന്നില്ല. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ പിടി കിട്ടുമതിന്റെ സ്രോതസ്സ്. അത് കാണാനുള്ള കഴിവ് എല്ലാവർക്കും ഉള്ളതാണ്. ചിലര്‍ക്ക് അത് കണ്ടാലും കാണില്ല, മറ്റ് ചിലര്‍ക്ക് അത് കാണാനുള്ള കഴിവില്ലാത്തതരം അന്ധത ബാധിച്ചിട്ടുണ്ടാവും.. അത്രേയൊള്ളു…

നമ്മുടെ സമൂഹത്തില്‍ മനുഷ്യരെ ശുദ്ധി-അശുദ്ധിയുടേയും ആഡ്യ-മ്ലേച്ഛ സങ്കൽപ്പങ്ങളുടെയും പേരിൽ തട്ട് തട്ടായി ഒരു ശ്രേണികൃത അസമത്വത്തിൽ അടുക്കിവച്ചിരിക്കുന്ന ഒരു രീതിശാസ്ത്രമുണ്ട്. മാനവരാശി കണ്ടതിൽ വച്ച് ഏറ്റവും ഹീനവും നിന്ദ്യവും മനുഷ്യത്വരഹിതമായ dehumanising വ്യവസ്ഥയാണ് യഥാർത്ഥത്തിൽ ഈ ശുദ്ധി-അശുദ്ധി സങ്കൽപ്പങ്ങളിലൂടെ നമ്മുടെ സമൂഹത്തിൽ ഊട്ടിയടിച്ചുറപ്പിച്ച് വച്ചിട്ടുള്ള ജാതി എന്ന് പറയുന്ന അശ്ലീലം. ലോകത്ത് എല്ലായിടത്തും അസമത്വമുണ്ടെങ്കിലും ഇവിടുത്തെ ഈ ഷിറ്റിനെസ്സിനെ പോലെ ആരും അതിനെ മതമൂല്യങ്ങളും ഗ്രന്ഥങ്ങളും ആചാരങ്ങളുമുപയോഗിച്ച് ന്യായീകരിച്ച്, ആദർശവൽക്കരിച്ച്, മഹത്വവൽക്കരിച്ച്, പുണ്യവൽക്കരിക്കുന്ന വൃത്തികേട് കാട്ടാറില്ല.

I mean, everyone shits. But not all make a song and dance about it. "എനിക്ക് ജാതിയില്ല, ഞാന്‍ എന്റെ വ്യക്തി ജീവിതത്തിൽ ജാതിവിവേചനം കാണിക്കാറില്ല…" (വീണ്ടും ഉറക്കെ ചിരിക്കുന്നു..) എന്ന് പറയുന്നതിലൂടെയൊന്നും ഒന്നും നടക്കില്ല. ഞാൻ കൊലപാതകം ചെയ്തിട്ടില്ല, ചതിച്ചിട്ടില്ല, ബലാത്സംഗം ചെയ്തിട്ടില്ല എന്നൊക്കെ പറയുന്ന പോലത്തെ "ശുദ്ധ" കോമഡിയാണത്. തട്ടിപ്പാണ്. ഇതൊക്കെ ഒരു മനുഷ്യനിൽ നിന്നും സഹജീവികൾ പ്രതീക്ഷിക്കുന്ന മിനിമം സിവിൽ ബിഹേവ്യയറാണ്. അത് കൊണ്ട് ഞാനതൊന്നും ചെയ്യുന്നില്ല എന്ന് പറയുന്നതൊക്കെ ഒരു moral statement പോലുമല്ല.

വേണ്ടത് നിങ്ങൾ ഈ വിവേചനത്തിന് എതിരായി എന്ത് ചെയ്തു എന്ന ചിന്തയാണ്. I don't attest to caste values എന്ന് പറയുന്നവരോട് what have you done to oppose caste values എന്ന ചോദ്യം തന്നെയാണ് എനിക്ക് ചോദിക്കാനുള്ളത്. ഒറ്റയടിക്ക് കണ്ടാല്‍ മനസ്സിലാകുന്ന തരത്തിലുള്ള social /public perfomative expression of casteൽ നിന്നും ഒരു ശരാശരി മലയാളി യഥാർത്ഥമായും അല്ലാതെയും വിപ്ലവ-പുരോഗമന-പരിഷ്കാര-നവോത്ഥാന മുഖംമൂടിയണിഞ്ഞും കുറേയൊക്കെ പുറത്ത് വന്നിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ മതം. വടക്കേയിന്ത്യയിലുള്ള അത്രയും violent caste expressions ഇവിടെ കുറവാണ് എന്നും സമ്മതിക്കുന്നു.

പക്ഷെ അതിസമർത്ഥമായി മലയാളി ജാതി ജീവിതം അവന്റെ personal choiceകളിൽ വച്ച് പുലർത്തുന്നുണ്ട്. ഒരു ധാർമീക മൂല്യമായി സ്വകാര്യ സംഭാഷണങ്ങളിൽ മാത്രമല്ല, വീടുകളിലും അത്ര സ്വകാര്യമല്ലാത്ത മറ്റ് പലയിടങ്ങളിലും (കല്യാണ സദ്യകളിലും, ഉദ്ഘാടന വേദികളിലും.. റ്റു നേയ്മ് ഏ ഫ്യൂ) this poorly concealed moral turpitude - ഈ ധാർമ്മീകനീചദത്വം - അവന്‍ പുറത്ത് എടുക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

ഇതിന് ആരേയും കുറ്റപ്പെടുത്താന്‍ കഴിയില്ല. ഈ സമൂഹത്തിന്റെ moral DNAയിൽ അത് നൂറ്റാണ്ടുകളായി നിലനിന്ന് പോന്നതാണ്. അത് കൊണ്ട് 'എനിക്ക് ജാതിയില്ല, ഞാൻ ജീവിതത്തിൽ ജാതി മൂല്യങ്ങൾ പാലിക്കാറില്ല' എന്നൊക്കെ പറയുമെങ്കിലും ചില സമയങ്ങളിൽ DNA യുടെ ഫിനോറ്റൈപ്പൽ മാനിഫെസ്റ്റേഷൻ അങ്ങ് പുറത്ത് ചാടുന്നതാണ്. സോ, ഇറ്റ്സ് എമിനന്റ്ലി പാർഡണബിൾ. ഈ ശുദ്ധി-അശുദ്ധി സങ്കൽപങ്ങളിൽ നിന്ന് തന്നെയാണ് "pure" vegetarian എന്ന പ്രയോഗം വരുന്നത്. ശുദ്ധമായത് സസ്യഭക്ഷണം. എന്ന് വച്ചാൽ മറ്റത് അശുദ്ധം.

ഈ "ശുദ്ധി-അശുദ്ധി" ബോധത്തിൽ നിന്നാണ് ഹിന്ദു കല്യാണ സദ്യകളിലും ഹിന്ദുയിടങ്ങളല്ലെന്ന് കരുതുന്ന "മതേതര-ജാത്യേതര" ഓണസദ്യകളിലും ഈ "pure" vegetarian ഫുഡ് മെനു കടന്ന് വരുന്നത് എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്. കഥയിൽ ഒരു ബ്രാഹ്മണൻ വന്ന് ചവിട്ടി താഴ്ത്തിയ അസുര രാജാവിനെ ഒരു വശത്ത് കൂടി വികൃതനാക്കി കുടവയറും ചാടിച്ച് പൂണൂലും ധരിപ്പിച്ച് ഓലക്കൂടയും ചൂടിച്ച് മെതിയടിയും ഇടീപ്പിച്ച് തിരുമേനിയായി അവതരിപ്പിക്കുന്ന മൂല്യബോധത്തിനെതിരേ ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ള മാട്ടിറച്ചി കഴിച്ചോണ്ട് ആ ഊതിപ്പെരുപ്പിച്ച bubble ഒന്ന് കുത്തി പൊട്ടിച്ചു

ദാറ്റ്സോൾ. ഇനി രണ്ടാമതായി, നിങ്ങൾ ഫൊറെൻസിക്ക്സിലുള്ളവർ "ഇങ്ങനെ" ആഘോഷിക്കാൻ എന്താണ് കാരണം? വൈ ദിസ് ഫൊറെൻസിക്ക് പീപ്പിൾ ഡിഡ് സോ?  ഈ നാട്ടിൽ ഒരുമാതിരിയുള്ള എല്ലാ കഥകളിലും സിനിമകളിലുമെല്ലാം മോർച്ചറിയിൽ ജോലി ചെയ്യുന്നവർ കള്ള് കുടിയന്മാരും, വളരെ റഫായിട്ട് പെരുമാറുന്നവരും, മനുഷ്യന്റെ ശരീരം "വെട്ടിക്കീറി മുറിച്ച്" ചോരയും മാംസവും കണ്ട് അറപ്പ് മാറിയ ഒരുതരം ഭീകര ജീവികളായുമാണ് ചിത്രീകരിച്ച് വെച്ചിട്ടുള്ളത്.

ഒരു കാര്യം ആദ്യമേ അങ്ങ് പറയാം. ഇവിടെയായാലും, trained forensic professionals ജോലി ചെയ്യുന്ന പ്രൊപ്പർ മോർച്ചറികളിൽ എവിടെയായാലും, ആരും ആരേയും അറക്കവാളും വെട്ട്കത്തിയും കോടാലിയും മറ്റ് മാരകായുധങ്ങൾ കൊണ്ടുമൊന്നും വെട്ടിക്കീറി മുറിക്കുന്നില്ല. ഉപയോഗിക്കുന്നത് സർജിക്കൽ സ്കാൽപലാണ്. ഓപ്പറേഷനൊക്കെ ചെയ്യാനുപയോഗിക്കുന്ന, ചെറിയ ബ്ലേഡ് പിടിപ്പിച്ച ഒരു ഉപകരണം. പിന്നെ forceps ഉം. തലയോട്ടി പിളർത്താൻ oscillating electric saw യും. ചിലപ്പോൾ ഇളകി വരാൻ കൂട്ടാക്കാത്ത തലയോട്ടികളിൽ chisel and hammer ഉം ഉപയോഗിക്കും. അത്രതന്നെ.

പക്ഷെ കഥയ്ക്കും സിനിമയ്ക്കും ഒരു ഗുമ്മ് കിട്ടാൻ വേണ്ടി മോർച്ചറികളിൽ നടക്കുന്നു എന്ന് പറഞ്ഞ് കാട്ടിക്കൂട്ടുന്ന ഈ പെർവേട്ടഡ് ഇമേജറികളിൽ നിന്നും ഒരു നറേറ്റിവ് സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ പൊതുബോധത്തിൽ നിന്നുമാണ് ഞങ്ങൾ മോർച്ചറികളിൽ ജോലി ചെയ്യുന്നവർ ജീവിതത്തിന്റെ സന്തോഷങ്ങൾ ആസ്വദിക്കാൻ കഴിയാത്തവരും പരുക്കരും നിഷ്ഠൂരരുമാണെന്ന് ഓരൊരുത്തർ തെറ്റിദ്ധരിച്ച് വച്ചിരിക്കുന്നത്. എന്തോ പറയാനാണ്… കൂടുതൽ നീട്ടുന്നതിന് പകരം രമേച്ചിയുടെ അനുഭവം പറയാം.

രമേച്ചിയോട് "നല്ലവരായ നാട്ടുകാർ" സ്ഥിരം ചോദിക്കുന്നതാണ് ഈ മോർച്ചറിയിൽ ജോലി ചെയ്യുന്നവരുടെ വെള്ളമടിയേ പറ്റി. ഈവൻ രമേച്ചി ഈസ് നോട്ട് സ്പേയ്ഡ് ഓഫ് ദിസ് ക്വസ്റ്റ്യൻ. കള്ള് കുടിക്കാതെ എങ്ങനെ നിങ്ങളീ ജോലി ചെയ്യുന്നു എന്ന്. എത്ര കാര്യം പറഞ്ഞ് കൊടുത്താലും വിശ്വസിക്കാൻ കൂട്ടാക്കാത്ത വിഡ്ഡികളോട് രമേച്ചിക്ക് സമയക്കുറവുള്ളത് കൊണ്ടും, ഈ ജോലികളെല്ലാം ഒതുക്കി തീർത്തിട്ട് വീട്ടിൽ ചെന്ന് ഭാര്യയായും മകളായും മരുമകളായും സഹോദരിയായും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായും ഒക്കെ കുറേയേറെ റോളുകൾ ഇനിയും ബാക്കിയുള്ളതിനാലും ചോദ്യകർത്താക്കളെ പറഞ്ഞൊഴിവാക്കുന്നത് രണ്ട് ഡയലോഗടിച്ചാണ്.

"പിന്നേ… വെള്ളമടിക്കാതെയൊന്നും ഈ പണി ചെയ്യാൻ പറ്റില്ല…. ഞാന്‍ ഓരോ കേസിനും ഓരോ പെഗ്ഗ് അടിച്ചിട്ടാണ് കേറുന്നത്" കേട്ടവനും ഹാപ്പി. രമേച്ചിയും ഹാപ്പി. ഇക്കാര്യം രമേച്ചി ഇന്നലെയാണ് എന്നോട് പറയുന്നത്. എന്നിട്ട് "ക ക്ക ക്കാ…" ന്നൊരു ചിരിയും. സോ, ടു കൺക്ലൂഡ്. ( a) ഫോറെൻസിക്കിലും ആഘോഷമോ എന്ന് ചോദിച്ചാൽ നിങ്ങളുടെ എല്ലാവരുടേയും കാര്യത്തിലെന്ന പോലെ ആഘോഷങ്ങൾ തീരുന്ന സ്ഥലം മാത്രമല്ല ഞങ്ങൾക്ക് മോർച്ചറി.

നിങ്ങളേക്കാളുമൊക്കെ ജീവിതം ആസ്വദിക്കാനും ചെറിയ ചെറിയ കാര്യങ്ങളിൽ വല്യ വല്യ സന്തോഷങ്ങൾ കണ്ടെത്താനും ഉറക്കെ ചിരിക്കാനും ആടിപ്പാടി തുള്ളി ചാടാനും ഞങ്ങൾക്ക് സാധിച്ചേക്കും. സാധിച്ചേക്കുമെന്നല്ല. സാധിക്കും. സാധിക്കുന്നുണ്ട്. (b) ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫൊറെൻസിക്ക് ടീമിന്റെ ഓണസദ്യയിൽ ബീഫ് കടന്ന് വന്നത് മേൽപ്പറഞ്ഞ നവോത്ഥാന മൂല്യങ്ങൾ കൊണ്ടാണ് എന്നൊന്നും പറയുന്നില്ല. പക്ഷെ ഒരു കാര്യം പറയാം.

ഇപ്പോ ഇവിടെയുള്ള എല്ലാ സ്റ്റാഫിനും നോൺവെജാണ് ഇഷ്ടം. ഓണമെന്നല്ല എന്തോ ഇവന്റുണ്ടായാലും ഇവിടെ എല്ലാരുങ്കൂടി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്ന സന്ദർഭങ്ങൾ വരുമ്പോ ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നു..അതിനി ഓണമായാലും ചങ്ക്രാന്തിയായാലും. ഇത് കാണുന്ന ധാര്‍മ്മികമതാചാരബോധമൂല്യങ്ങളുള്ള നിഷ്‌ഠാഭ്രാന്തന്മാരായ പ്യൂരിറ്റന്‍ സഭാംഗങ്ങൾ നിങ്ങൾക്ക് പറ്റുന്ന എന്തിലെങ്കിലുമൊന്നിൽ മുറുകെ പിടിച്ചോണ്ട് എവിടേലും ഇരി. അതും പറ്റില്ലെങ്കിലും ഇങ്ങ് മോർച്ചറിയിലേക്ക് പോന്നേരേ... We'll take good care of you.

ദാറ്റ്സേ പ്രോമിസ്.

Tags:    
News Summary - This is the reason why the forensic staff of the medical college eat 'pure non-veg' Onasadya with beef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.