കോഴിക്കോട്: ആകാശയാത്രക്കിടെ എങ്ങോ മറഞ്ഞ മക്കളെ കൺപാർത്തിരുന്ന ഈ അമ്മ മനസുകൾ ഉരുകിയുറച്ചിട്ട് എട്ടാണ്ടുകൾ പിന്നിട്ടിരിക്കുന്നു. അതിനിടയിലെത്തിയ വിമാനാവശിഷ്ടം കണ്ടെത്തിയെന്ന വാർത്ത ആശ്വാസമല്ലെങ്കിലും പ്രതീക്ഷ നൽകുന്നതാണ്, എട്ട് വർഷമായ ആ ചോദ്യത്തിനെങ്കിലും ഉത്തരമായെന്ന പ്രതീക്ഷ. പക്ഷേ, ഈ വാർത്തയും പൂർണമായി വിശ്വസിക്കാൻ ഈ അമ്മമാർ ഒരുക്കമല്ല. കാരണം അവർ തേടുന്നത് വിശ്വസനീയ തെളിവുകളാണ്.
2016 സെപ്റ്റംബര്‍ 16നാണ് 29 പേരുമായി ചെന്നൈ താംബരം വ്യോമതാവളത്തില്‍നിന്ന് പോര്‍ട്ട്ബ്ലെയറിലേക്ക് പറന്നുയർന്ന ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 വിമാനം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായത്. കോഴിക്കോട് കക്കോടി മക്കട കോട്ടുപാടം പരേതനായ ചെറിയാമ്പറത്ത് വാസു നായരുടെയും പത്മജയുടെയും മകൻ വിമലും കാക്കൂർ പാച്ചോറ പരേതനായ രാജന്റെയും ചന്ദ്രികയുടെയും മകൻ സജീവ് കുമാറും ഈ വിമാനത്തിലുണ്ടായിരുന്നു.
അന്നുമുതൽ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം പത്മജയും ചന്ദ്രികയും കാത്തിരിക്കുകയാണ്. തങ്ങളുടെ പ്രിയ മക്കൾ എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ. കാണാതായ വിമാനത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പുകഞ്ഞ് കത്തുമ്പോഴും മക്കളെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാതെ ഒന്നും വിശ്വസിക്കുകയില്ലെന്ന് പത്മജയും ചന്ദ്രികയും പറയുന്നു.
നാലുദിവസം മുമ്പാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ബന്ധുക്കളെ വിവരം അറിയിച്ചതായും വ്യോമസേന റിപ്പോർട്ട് പുറത്തുവന്നത്. വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇതുവരെ ആരും തങ്ങളെ അറിയിച്ചിട്ടില്ലെന്ന് പത്മജയും സജീവ് കുമാറിന്റെ ചന്ദ്രികയും പറഞ്ഞു. കാണാതായവരുടെ ബന്ധുക്കളെ ആരെയും വിവരം അറിയിച്ചതായി അറിവില്ലെന്നും ഇവർ പറഞ്ഞു.
എട്ടുവർഷം മുമ്പുനടന്ന അപകടത്തിൽ കാണാതായ മക്കൾ തിരിച്ചെത്തണേയെന്ന പ്രാർഥനയിൽ വഴിപാടുകളും നേർച്ചകളുമായി കഴിയുകയാണ് ഇരുവരും. ചിരിമാഞ്ഞ ഇവരുടെ മുഖങ്ങളിൽ കാത്തിരിപ്പിന്റെ പ്രതീക്ഷകൾ മാത്രമാണ് അവശേഷിക്കുന്നത്. അപരിചിതരായ ആളുകൾ എത്തുമ്പോഴും അറിയാത്ത നമ്പറുകൾ ഫോണിലേക്ക് വരുമ്പോഴും ഇവരുടെ ഉള്ളൊന്നുപിടക്കും.
വിമാനം കണ്ടെത്താൻ രാജ്യം കണ്ട ഏറ്റവും വലിയ തിരച്ചിൽ നടത്തിയിട്ടും കാണാതായെന്ന് സ്ഥിരീകരിക്കാൻ തക്ക തെളിവുകളും അവശിഷ്ടങ്ങളും കിട്ടാത്തതിനാൽ ഈ അമ്മ മനസ്സുകളിലെ മക്കളുടെ തിരിച്ചുവരവിന്റെ കാലടിയൊച്ചകൾ ഇന്നും നിലച്ചിട്ടില്ല.
നായിക് റാങ്കിൽ ജൂനിയർ എൻജിനീയറായി സ്ഥാനക്കയറ്റം ലഭിച്ചശേഷമാണ് വിമൽ പോർട്ട് ബ്ലെയറിൽ എത്തിയത്. ബംഗളൂരു നേവി ആശുപത്രിയിലെ ചികിത്സക്കുശേഷം അന്തമാനിലേക്കുള്ള യാത്രയിലായിരുന്നു സജീവ്.
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി വികസിപ്പിച്ചെടുത്ത ഓട്ടോണമസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിമാനം കണ്ടെത്തുന്നതിന് ആഴക്കടലില്‍ വിക്ഷേപിച്ചിരുന്നു. മള്‍ട്ടി-ബീം സോണാര്‍ (സൗണ്ട് ആന്‍ഡ് നാവിഗേഷന്‍ റേഞ്ചിങ്), സിന്തറ്റിക് അപ്പേര്‍ച്ചര്‍ സോണാര്‍, ഉയര്‍ന്ന റെസല്യൂഷന്‍ ഫോട്ടോഗ്രഫി എന്നിവ ഉപയോഗിച്ച് 3,400 മീറ്റര്‍ ആഴത്തിലാണ് തിരച്ചില്‍ നടത്തിയത്.
ചെന്നൈ തീരത്തുനിന്ന് 310 കിലോമീറ്റര്‍ അകലെവെച്ചാണ് അവശിഷ്ടങ്ങള്‍ ലഭിച്ചതെന്നും ലഭിച്ച അവശിഷ്ടങ്ങള്‍ എ.എന്‍ 32 വിമാനവുമായി പൊരുത്തപ്പെടുന്നതാണെന്നുമാണ് വിലയിരുത്തൽ. മറ്റു വിമാനങ്ങളൊന്നും ആ ഭാഗത്ത് തകര്‍ന്നിട്ടില്ല. ഭൂമിശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയും അവശിഷ്ടങ്ങള്‍ കാണാതായ എഎന്‍-32 വിമാനത്തിന്റേതാണെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.