തൊടുപുഴ: തട്ടക്കുഴ രണ്ടുപാലത്ത് വീട്ടിൽ അതിക്രമിച്ചു കയറി വെടിവെച്ച സംഭവത്തിൽ തോ ക്ക് നിർമിച്ച് നൽകിയയാളും അറസ്റ്റിൽ. ചീനിക്കുഴി സ്വദേശി സജിയെയാണ് (42) കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. റൂഫിങ് ജോലികൾ ചെയ്തതിെൻറ പണം നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. നാടൻ തോക്ക് ഉപയോഗിച്ച് വെടിയുതിർത്തതിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയടക്കം കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച രാത്രി 9.30നായിരുന്നു സംഭവം. തട്ടക്കുഴ നെടിയപാറയിൽ രതീഷ് (34), അമ്മ ശാരദ (62), ഭാര്യ സജിത (32), മകൾ ആർച്ച (ഒമ്പത്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത പന്നൂർ മാതാളിക്കുന്നേൽ റിജോ ജോർജ് (39) പൊലീസിൽ കീഴടങ്ങിയിരുന്നു.
തട്ടക്കുഴ രണ്ടുപാലം മരക്കൊമ്പിൽ രതീഷിെൻറ സഹോദരി രാജിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു സംഭവം. പൊലീസ് പറയുന്നത്: തൊടുപുഴയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന രാജിയുടെ അമ്മയും സഹോദരനുമാണ് തട്ടക്കുഴയിലെ വീട്ടിൽ താമസിച്ചിരുന്നത്. രാജിയുടെ നിർദേശ പ്രകാരമാണ് റൂഫിങ് ജോലികൾ ചെയ്യാൻ റിജോ എത്തുന്നത്. എന്നാൽ, പലതവണ ചോദിച്ചിട്ടും പണിക്കൂലിയായ 16,000 രൂപ രാജി നൽകിയില്ല. റിജോ തട്ടക്കുഴയിലെ വീട്ടിൽ വന്ന് ബഹളമുണ്ടാക്കിയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻറടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പണം ഞായറാഴ്ച നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ച ശേഷം റിജോ കാറിൽ തട്ടക്കുഴയിലെ വീട്ടിലെത്തി രാജിയുടെ സഹോദരൻ രതീഷുമായി പണം നൽകാത്തതിനെ ചൊല്ലി തർക്കവും ബഹളമായി. വാക്കേറ്റം ഉന്തിലും തള്ളിലുമെത്തി.
റിജോയെ വീടിന് പുറത്തേക്ക് തള്ളിയിട്ട് രതീഷ് കതകടച്ചു. ഇതിനിടെ റിജോ കാറിലുണ്ടായിരുന്ന നാടൻ തോക്കെടുത്ത് പാതി തുറന്ന് കിടന്നിരുന്ന ജനൽ പാളി ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നു. ജനലിെൻറ പട്ടയിലിടിച്ച് വെടിയുണ്ട ചിതറി ഹാളിൽ നിൽക്കുകയായിരുന്ന വീട്ടുകാരുടെ ദേഹത്ത് പതിച്ചു. വെടിയുണ്ടയിലുണ്ടായിരുന്ന മെറ്റൽ ചീളുകൾ ശരീരത്ത് തറച്ചാണ് നാലുപേർക്കും പരിക്കേറ്റത്. രതീഷിെൻറ തല, വയറ് എന്നിവിടങ്ങളിൽ മുറിവേറ്റിട്ടുണ്ട്. ശബ്ദം കേട്ട അയൽവാസികളാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. തുടർന്ന് റിജോ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തോക്ക് നിർമിച്ച് നൽകിയ സജിയെ പിടികൂടുന്നത്. സജിയുടെ കൈയിൽനിന്ന് ആറുമാസം മുമ്പാണ് തോക്ക് വാങ്ങുന്നത്. ഇയാളുടെ ആലയിൽനിന്ന് തോക്ക് നിർമിക്കാനുള്ള ഉപകരണങ്ങളും മറ്റും പൊലീസ് പിടികൂടി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.