തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ് അവിശ്വാസപ്രമേയ ചര്‍ച്ചക്ക് തൊട്ടുമുമ്പ് രാജിവെച്ചു. ഇതോടെ പ്രമേയം ചർച്ച ചെയ്യുന്നതിന് കൗണ്‍സില്‍ ചേരേണ്ടി വന്നില്ല. തിങ്കളാഴ്ച രാവിലെ 10ഓടെ നഗരസഭ ഓഫിസിലെത്തി സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.
സ്കൂളിന് ഫിറ്റ്നസ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസില്‍ രണ്ടാം പ്രതിയായതിനെ തുടര്‍ന്നുള്ള വിവാദങ്ങളാണ് ചെയര്‍മാന്റെ രാജിയില്‍ കലാശിച്ചത്. എല്‍.ഡി.എഫ് നേതൃത്വം പരസ്യമായി ആവശ്യപ്പെട്ടിട്ടും ചെയര്‍മാന്‍ രാജിക്ക് വഴങ്ങിയിരുന്നില്ല. ഇതോടെ ചെയര്‍മാനുള്ള പിന്തുണ പിന്‍വലിച്ചതായി സി.പി.എം അറിയിച്ചു.
താന്‍ നിരപരാധിയാണെന്നും രാജിവെച്ചാല്‍ തെറ്റ് സമ്മതിക്കലാകുമെന്നുമായിരുന്നു ചെയര്‍മാന്റെ നിലപാട്. പ്രതിപക്ഷ പ്രതിഷേധം തണുത്ത ഘട്ടത്തിൽ ചെയര്‍മാന്‍ അവധി റദ്ദാക്കി ഓഫിസിലെത്തുകയും ചെയ്തു.
അഴിമതിക്കാരനായ ചെയര്‍മാനെതിരെ എന്തുകൊണ്ട് അവിശ്വാസം കൊണ്ടു വരുന്നില്ലെന്ന ചോദ്യം സി.പി.എമ്മിനു നേരെ ഉയരുകയും പാർട്ടിയിൽ തന്നെ എതിർപ്പ് ശക്തമാകുകയും ചെയ്തതോടെയാണ് പ്രമേയം കൊണ്ടുവരാന്‍ എൽ.ഡി.എഫ് തയാറായത്.
അവിശ്വാസത്തെ യു.ഡി.എഫും ബി.ജെ.പിയും പിന്തുണക്കുമെന്ന് ഉറപ്പായതോടെ സ്ഥാനനഷ്ടം മുന്നിൽകണ്ടാണ് ചെയർമാന്‍റെ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.