കുട്ടനാട്: മന്ത്രി തോമസ് ചാണ്ടിയുടെ ടൂറിസം കമ്പനി മാര്‍ത്താണ്ഡം കായലില്‍ നടത്തിയ ഗുരുതര നിയമലംഘനങ്ങള്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് പിന്നാലെ റവന്യൂ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചതിെൻറ തെളിവുകളും വെളിച്ചത്തായി. കഴിഞ്ഞ നിയസഭ സമ്മേളനത്തില്‍ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി കുറ്റവിമുക്തനാക്കിയ ദിവസംതന്നെയാണ് കുട്ടനാട് ലാൻഡ് റവന്യൂ തഹസില്‍ദാര്‍ മാര്‍ത്താണ്ഡം കായലുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ട് ആലപ്പുഴ ജില്ല കലക്ടര്‍ക്ക് കൈമാറിയത്.
പുറമ്പോക്കും മിച്ചഭൂമിയും നികത്തിയെന്നും ഉടൻ ഏറ്റെടുത്തില്ലെങ്കില്‍ നിർമാണം നടക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്ന വില്ലേജ് ഒാഫിസറുടെ റിപ്പോര്‍ട്ട് അട്ടിമറിച്ചായിരുന്നു എൽ.ആർ തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. ആഗസ്റ്റ് 17ന് തോമസ് ചാണ്ടിക്കെതിരെ നിയമസഭയില്‍ വലിയ ബഹളം നടക്കവെ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ മറുപടി മന്ത്രി ഒരു നിയമലംഘനവും നടത്തിയില്ലെന്നും ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നുമായിരുന്നു.
മാര്‍ത്താണ്ഡം കായല്‍ അനധികൃതമായി നികത്തുന്നതിനെപ്പറ്റി മേയ് 24-ന് കൈനകരി പഞ്ചായത്ത് അംഗം ബി.കെ. വിനോദ് കലക്ടര്‍ക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് മേയ് 26ന് കൈനകരി വടക്ക് വില്ലേജ് ഒാഫിസര്‍ കുട്ടനാട് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഒന്നരമീറ്റര്‍ വീതിയുള്ള സര്‍ക്കാര്‍ പുറമ്പോക്ക് വഴിയും സര്‍ക്കാര്‍ മിച്ചഭൂമിയും നികത്തിയെന്നാണ് വില്ലേജ് ഒാഫിസറുടെ അന്വേഷണത്തിൽ കെണ്ടത്തിയത്. നിർമാണ പ്രവര്‍ത്തനത്തിന് സാധ്യതയുള്ളതിനാല്‍ സർവേയറുടെ സഹായത്തോടെ അടിയന്തരമായി ഭൂമി വേര്‍തിരിക്കാനും നിർദേശിച്ചിരുന്നു.
എന്നാൽ, വില്ലേജോഫിസറുടെ പ്രധാന കണ്ടെത്തലുകളൊന്നും ലാൻഡ് റവന്യൂ തഹസില്‍ദാറുടെ റിപ്പോര്‍ട്ടിൽ ഉൾപ്പെടുത്തിയില്ല. ബി.ടി.ആര് പ്രകാരം പുരയിടം എന്ന് രേഖപ്പെടുത്തിയ ഭൂമിയിലാണ് മണ്ണടിച്ചതെന്നും കൃഷിനിലം നികത്തിയിട്ടില്ലെന്നും മാത്രം പറഞ്ഞുവെക്കുന്ന റിപ്പോർട്ടാണ് തഹസിൽദാർ ആഗസ്റ്റ് 17ന് കലക്ടര്‍ക്ക് നല്‍കിയത്. തോമസ് ചാണ്ടിയുടെ കമ്പനി ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയെന്ന് വ്യക്തമാക്കി 2011ൽ അന്നത്തെ തഹസില്‍ദാർ നൽകിയ റിപ്പോര്‍ട്ടിനെക്കുറിച്ച് പുതിയ അന്വേഷണ റിപ്പോർട്ടിൽ പരാമർശമില്ലാതെപോയത് ഉദ്യോഗസ്ഥർ അഴിമതിക്ക് കൂട്ടുനിന്നതിെൻറ തെളിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.