കൂറുമാറ്റത്തിന്​ കോഴ; മന്ത്രിമാറ്റ നീക്കത്തിന്‍റെ തുടർച്ച

തിരുവനന്തപുരം: സ്വന്തം പാർട്ടിയുടെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ആ പാർട്ടിക്കുതന്നെ എന്ന മുന്നണികളിലെ പതിവ്​ മുഖ്യമന്ത്രി പിണറായി വിജയൻ ഈ​യിടെ തെറ്റിച്ചു. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ്​ കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ സമീപിച്ചപ്പോൾ തൽക്കാലം സാധ്യമല്ലെന്നായിരുന്നു പിണറായിയുടെ മറുപടി. ഈ അസാധാരണ മറുപടി പിണറായിൽനിന്ന്​ ഉണ്ടായത്​ എന്തുകൊണ്ടാണ്​? സ്വന്തം പാർട്ടിയുടെ മന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം നിഷേധിച്ചിട്ടും പി.സി. ചാക്കോ എന്തുകൊണ്ട്​ പ്രതികരിച്ചില്ല? മന്ത്രിക്കുപ്പായം ഉറപ്പിച്ച്​ ​മുഖ്യമന്ത്രിയെ കാണാൻ ചെന്ന തോമസ്​ ​കെ. തോമസ്​ ​കപ്പിനും ചുണ്ടിനുമിടയിൽ അത്​ കൈവിട്ടിട്ടും എന്തുകൊണ്ട്​ മിണ്ടുന്നില്ല? രാഷ്ട്രീയ കേന്ദ്രങ്ങളിൽ തങ്ങിനിന്ന ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്​ പുറത്തുവന്ന കോഴക്കഥ.

തോമസ്​ കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം നിരസിക്കുമ്പോൾ ഈ വിവരം മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ടായിരുന്നു. പി.സി. ചാക്കോയും തോമസ്​ കെ. തോമസും എ.കെ. ശശീന്ദ്രനും ഒന്നിച്ചാണ്​ മുഖ്യമന്ത്രിയെ കാണാൻ ചെന്നത്​. കോഴ വാഗ്ദാനം ലഭിച്ച ആന്‍റണി രാജു നേരിട്ട്​ നൽകിയ മൊഴിയും പൊലീസ്​ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരങ്ങളും മുഖ്യമന്ത്രി പങ്കുവെച്ചപ്പോൾ പി.സി. ചാക്കോയും തോമസ്​ കെ. തോമസും ഞെട്ടി. എന്നാൽ, ശശീന്ദ്രന്​ കാര്യങ്ങൾ നേരത്തേ അറിയാമായിരുന്നെന്നാണ്​ സൂചന.

രണ്ടരവർഷ കരാർപ്രകാരം ആന്‍റണി രാജുവും അഹമ്മദ്​ ദേവർകോവിലും മാറി പകരം​ കെ.ബി. ഗണേഷ്​കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിയായപ്പോൾ എ.കെ. ശശീന്ദ്രനെ മാറ്റി മ​ന്ത്രിയാകാൻ തോമസ്​ കെ. തോമസ്​ നീക്കം നടത്തിയിരുന്നു. അന്ന്​ സ്ഥാനമൊഴിയില്ലെന്ന്​ ഉറപ്പിച്ചുപറഞ്ഞ ശശീന്ദ്രന്​ പി.സി. ചാക്കോയുടെ പിന്തുണയുണ്ടായിരുന്നു. മാസങ്ങൾ നീണ്ട കരുനീക്കങ്ങൾക്കൊടുവിൽ ചാക്കോയെ സ്വന്തം പക്ഷത്ത്​ കൊണ്ടുവന്ന്​​ മ​ന്ത്രിമാറ്റം പാർട്ടിയുടെ തീരുമാനമാക്കി മാറ്റാൻ തോമസ്​ കെ. തോമസി​ന്​ സാധിച്ചു. നേരത്തേ സ്ഥാനമൊഴിയാൻ വിസ്സമ്മതിച്ച ശശീന്ദ്രൻ ഇക്കുറി മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്ന നിലപാടാണ്​ സ്വീകരിച്ചത്​. തോമസ്​ ​കെ. തോമസിനെ മന്ത്രിസഭയിലെടുക്കാൻ മുഖ്യമന്ത്രി അനുവദിക്കില്ലെന്ന്​ അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. കൂറുമാറ്റ നീക്കം സംബന്ധിച്ച്​ മുഖ്യമന്ത്രിക്ക്​ ലഭിച്ച വിവരം ശശീന്ദ്രനും അറിയാമായിരുന്നെന്ന്​ ചുരുക്കം. അതിനപ്പുറം മന്ത്രിമാറ്റം അട്ടിമറിക്കാനുള്ള ചരടുവലികൾ നടന്നുവോ എന്നത്​​ വരുംദിവസങ്ങളിൽ അറിയാം​. വിവാദത്തിൽ ആന്‍റണി രാജു എം.എൽ.എയുടെ റോളാണ് ഇനി അറിയാനുള്ളത്​​. തന്‍റെ തട്ടകമായ കുട്ടനാട്​​ നിയമസഭ സീറ്റ്​ ലക്ഷ്യമിട്ടാണെന്ന്​​ തോമസ്​ കെ. തോമസ്​ ആരോപിക്കുന്നു. ആന്‍റണി രാജു അത്​ നിഷേധിച്ചു​.

Tags:    
News Summary - thomas k thomas bjp alliance,Bribery for defection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.