തിരുവനന്തപുരം: എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനത്തുനിന്ന് മാറുമെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ. കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് മന്ത്രിയാകും. ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. തീരുമാനം അംഗീകരിക്കുമെന്നും തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണുമെന്നും ശശീന്ദ്രൻ പ്രതികരിച്ചു. ഒരു വര്‍ഷത്തേക്കെങ്കിലും തോമസ് കെ. തോമസിനു മന്ത്രിപദവി നൽകണമെന്ന് എൻ.സി.പിയിലെ ചില നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ.തോമസ് രംഗത്തെത്തുകയും ചെയ്തു. എന്നാൽ ആവശ്യം പാർട്ടി അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ, പാർട്ടി നേതാക്കളിൽ ഭൂരിഭാഗം പേരും തോമസ് കെ. തോമസിന് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ശശീന്ദ്രനെ നീക്കാൻ തീരുമാനമായത്. മന്ത്രിസ്ഥാനത്തു നിന്ന് മാറണമെന്ന പാർട്ടി ആവശ്യം ശശീന്ദ്രൻ ആദ്യം അംഗീകരിച്ചിരുന്നില്ല. സ്ഥാനത്തു നിന്ന് നീക്കിയാൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് അടക്കം നിലപാട് കടുപ്പിച്ചിരുന്നു.
ഇതിനു പിന്നാലെ മന്ത്രിസ്ഥാനം ഒഴിയുന്നതിനെതിരെ മുഖ്യമന്ത്രിയുമായും ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി. എന്നാൽ വിഷയത്തിൽ ഇടപെടാനാകില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതായാണ് വിവരം. പൊളിറ്റ്ബ്യൂറോ യോഗത്തിനുശേഷം ഞായറാഴ്ചയേ മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തൂ. എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോടു ചർച്ച ചെയ്യാനാണ് ദേശീയ അധ്യക്ഷൻ ശരദ് പവാർ മൂന്നു നേതാക്കളോടും നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.