പൊന്നാനി: കടൽക്കയത്തിൽനിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയ നടുക്കുന്ന ഓർമയിൽ ബോട്ടിലെ തൊഴിലാളികൾ. 14 മണിക്കൂറോളം കടലിൽ മനോധൈര്യം കൈവിടാതെയാണ് ഇവർ നീന്തിയത്.
വെള്ളിയാഴ്ച രാത്രി മത്സ്യബന്ധനത്തിനായി കടലിൽ ഇറങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു മഹാലക്ഷ്മി ബോട്ടിലെ തൊഴിലാളികൾക്ക്. വല നിറയെ ആവോലിയും അയ്ക്കൂറയും പ്രതീക്ഷിച്ച് മത്സ്യബന്ധനം നടത്തി തിരിച്ചുവരുന്നവർക്കായി വിധി കാത്തുവെച്ചത് നടുങ്ങുന്ന ഓർമകളുടെ ദിനരാത്രങ്ങളായിരുന്നു.
ഞായറാഴ്ച രാത്രി വരെ കടലിൽ കഴിഞ്ഞ ഇവരുടെ യാത്ര ദുർഘടമായത് എട്ട് മണിയോടെ. കൊച്ചി ഭാഗത്ത് വെച്ച് ശക്തമായ കാറ്റിൽ ബോട്ടിെൻറ പ്ലേറ്റ് തകരുകയായിരുന്നു. ഈ സമയം കരയിൽനിന്ന് എട്ട് നോട്ടിക്കൽ മൈൽ ദൂരെയായിരുന്നു ഇവർ.
പ്ലേറ്റ് തകർന്നതോടെ വെള്ളം കയറാൻ തുടങ്ങി. അപകടത്തിലായത് തിരിച്ചറിഞ്ഞതോടെ പൊലീസിനും കോസ്റ്റൽ പൊലീസിനും വിവരം കൈമാറി. ഉടൻ എത്താമെന്ന മറുപടിയിൽ രക്ഷാപ്രവർത്തകരെയും കാത്ത് നീണ്ട മണിക്കൂറുകൾ. ബോട്ടിലേക്ക് കയറുന്ന വെള്ളം തൊഴിലാളികൾ ചേർന്ന് കോരി വറ്റിച്ചു.
പുലർച്ച നാലോടെ ബോട്ട് ആഴങ്ങളിലേക്ക് താഴ്ന്ന് തുടങ്ങിയതോടെ ബോട്ട് ഉപേക്ഷിച്ച് മുങ്ങാമെന്ന തീരുമാനത്തിലെത്തി. പിന്നീട് ബോട്ടിലെ ജാക്കറ്റ് എടുത്ത് ആറുപേരും നീന്തുകയായിരുന്നു. എന്നാൽ, വിചാരിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ.
കടലിെൻറ ഗതി മാറിയതിനാൽ നീന്തിക്കയറാൻ ഏറെ പ്രയാസപ്പെടുകയും തളർന്ന് ലൈഫ് ജാക്കറ്റിൽ കിടക്കുകയുമായിരുന്നു. പൊന്നാനി അഴീക്കൽ സ്വദേശിയായ അഞ്ചുപേരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമാണ് ബോട്ടിലുണ്ടായിരുന്നത്.
കാദർകുട്ടി ഹാജിൻറകത്ത് നാസർ (41), പുത്തൻപീടിയക്കൽ സഫീർ (35), പൗറാക്കാന കത്ത് കുഞ്ഞൻ ബാവ (60), കുഞ്ഞിരായിൻകുട്ടിക്കാനകത്ത് മുനവിർ (38), ചൊക്കിൻറകത്ത് സുബൈർ (41), ഒഡിഷ സ്വദേശിയായ സ്വപ്ന സുരോസേനപതി (53) എന്നിവർ പുതുജീവിതത്തിലേക്കാണ് നീന്തിക്കയറിയത്.
തിരച്ചിലിനായി പോയ മത്സ്യത്തൊഴിലാളികൾ ഇവരെ അണ്ടത്തോട് വെച്ച് കണ്ടെത്തുകയും രക്ഷപ്പെടുത്തി പൊന്നാനി ഹാർബറിൽ എത്തിക്കുകയായിരുന്നു. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് പറഞ്ഞയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.