കോഴിക്കോട്: ഭൂമി തരംമാറ്റത്തിന്റെ സാങ്കേതികത്വത്തിൽ കുടുങ്ങി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത് ഓരോ ജില്ലയിലും പതിനായിരക്കണക്കിന് അപേക്ഷകർ. കോഴിക്കോട് ജില്ലയിൽ 2019ലെ അപേക്ഷകളിൽ ഇപ്പോഴും നടപടികൾ പൂർത്തിയാവുന്നേയുള്ളൂ.
എറണാകുളം ജില്ലയിൽ 20,000 അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി കഴിഞ്ഞദിവസം റവന്യൂ വിഭാഗം അറിയിച്ചിരുന്നു. ഒന്നര വർഷത്തോളം ഓഫിസുകൾ കയറിയിറങ്ങിയിട്ടും നിലം പുരയിടമായി മാറിക്കിട്ടാത്തതിൽ മനംനൊന്ത് പറവൂരിൽ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തിരുന്നു. എല്ലാ ജില്ലകളിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഡേറ്റാബാങ്കിൽ പെടാത്ത ഭൂമിയുടെ സ്വഭാവം മാറ്റിക്കിട്ടുന്നതിനു വേണ്ടിയാണ് ജനം കാത്തിരിക്കുന്നത്. അത്യാവശ്യഘട്ടത്തിൽ ഭൂമി വിൽക്കാനോ നിർമാണപ്രവർത്തനങ്ങൾ നടത്താനോ പറ്റില്ല. ഇതിനിടയിൽ ഭൂമി തരംമാറ്റിത്തരാമെന്ന് പറഞ്ഞ് വൻതുക കമീഷൻ വാങ്ങി തട്ടിപ്പു നടത്തുന്ന ഇടനിലക്കാരുടെ ലോബിയും സജീവമാണ്.
1934ലെ ഭൂമി സർവേയിൽ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയിലാണ് പ്രശ്നം. 2008ൽ സർക്കാർ തയാറാക്കിയ ഡേറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണ് നിലം അഥവാ വയൽ വിഭാഗത്തിൽപെടുന്നത്. അത്തരം സ്ഥലത്ത് നിർമാണാനുമതിയോ നികത്താനുള്ള അനുമതിയോ ലഭിക്കില്ല. അതേസമയം, ഡേറ്റാബാങ്കിൽ പെടാത്ത സ്ഥലവും നിലമായി രേഖപ്പെട്ടു കിടക്കുന്നുണ്ട്. 1934ലെ ഭൂമി സർവേ പ്രകാരമുള്ള രേഖയനുസരിച്ചാണിത്.
ഇത്തരം ഭൂമിയുടെ സ്വഭാവം മാറ്റിക്കിട്ടാനാണ് അപേക്ഷകർ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത്. റവന്യൂ വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പറഞ്ഞ് ഫയലുകൾ തീർപ്പാക്കുന്നത് വൈകിപ്പിക്കുകയാണ്. അപേക്ഷകരുടെ എണ്ണം കൂടിയതോടെ വൻതോതിലുള്ള കൈക്കൂലിക്കും വഴിയൊരുങ്ങി. ഇവിടെയാണ് ഇടനിലക്കാരുടെ നുഴഞ്ഞുകയറ്റം. നിയമം പുനഃപരിശോധിക്കാൻ സർക്കാർ തയാറായാലേ പ്രശ്നത്തിന് പരിഹാരമാവൂ എന്ന് ലെൻസ്ഫെഡ് സ്റ്റേറ്റ് ബിൽഡിങ് റൂൾ കമ്മിറ്റി ചെയർമാൻ എൻജി. കെ. സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.