തൊഴിലുറപ്പ് പദ്ധതിയിൽ കൂലിവ്യത്യാസമില്ല; കേന്ദ്ര-സംസ്ഥാന തൊഴിലുറപ്പുകളിലെ പ്രതിദിന കൂലി തുല്യമാക്കി

പാലക്കാട്: കേരള സർക്കാരിന്റെ കീഴിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിലെ പ്രതിദിന വേതനം 333 രൂപയാക്കി വർധിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി. കേന്ദ്രാവിഷ്‍കൃത പദ്ധതിയായ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിക്ക് കീഴിലെ പ്രതിദിന വേതനം 333 രൂപയാക്കിയതോടെയാണ് കേരള സർക്കാരും മുൻകാല പ്രാബല്യത്തോടെ തുക വർധിപ്പിച്ച് ഏകീകരിച്ചത്. നിലവിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ദിവസ വേതനം 311 രൂപയാണ്.

2023 മാർച്ച് 23ന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയമാണ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം 333 രൂപയാക്കി തീരുമാനമെടുത്തത്. അതേസമയം കേരള സർക്കാരിന്റെ അയ്യങ്കാളി ​തൊഴിലുറപ്പ് പദ്ധതിയിലെ കൂലി 311 രൂപയായി തുടരുകയും ചെയ്തു.അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തിയെടുക്കുന്നവർക്ക് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലും ജോലി ലഭ്യമാകുന്ന സാഹചര്യത്തിൽ വേതനത്തിലെ അന്തരം പ്രതിഷേധത്തിനിടയാക്കി.

തുല്യമായ വേതനം ലഭിക്കാൻ അവകാശമുണ്ടെന്ന് കാണിച്ച് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ദിവസ വേതനവും തത്തുല്യമായി വർധിപ്പിക്കണമെന്ന് തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ ഡയറക്ടർ തദ്ദേശവകുപ്പ് അധികൃതർക്ക് കത്തെഴുതി. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രതിദിന വേതനം 333 രൂപയാക്കി ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കാൻ ഉത്തരവായത്.

Tags:    
News Summary - thozhilurappu padhathi salary in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.