തൃശൂര്‍: ചാലക്കുടി എസ്.ഐയുടെ കാല് തല്ലിയൊടിക്കുമെന്ന് പ്രസംഗത്തില്‍ ഭീഷണി മുഴക്കിയ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്.
എസ്.ഐ അഫ്സലിനെതിരെ ഭീഷണി മുഴക്കിയ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസന് മുബാറക്കിനെതിരെ ചാലക്കുടി പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് ജീപ്പ് തകര്‍ത്ത ഡി.വൈ.എഫ്.ഐ നേതാവ് നിധിന് പുല്ലനെ എസ്.ഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശി.
നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിലായിരുന്നു ഹസൻ മുബാറക്കിന്റെ വെല്ലുവിളി പ്രസംഗം.
‘‘ഈ പട്ടിയുടെ രണ്ട് കൈയും കാലും തല്ലിയൊടിക്കും. അതിന് വിയ്യൂരില്‍ കിടന്നാലും കണ്ണൂരില്‍ കിടന്നാലും പൂജപ്പുരയില്‍ കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്. ഏതെങ്കിലും ജയില്‍ കാണിച്ച്, ലാത്തി കാണിച്ച് എസ്.എഫ്.ഐയെ തടയാമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ മണ്ടന്മാരുടെ സ്വര്‍ഗത്തിലാണ്’’
എന്നായിരുന്നു ഹസൻ മുബാറക്കിന്റെ വാക്കുകൾ. പരസ്യമായ പോർവിളി മുഴക്കിയിട്ടും പൊലീസ് നടപടിയിലേക്ക് നീങ്ങാത്തത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഒടുവിലാണ് കേസെടുത്തത്.
തൃശൂർ: എസ്.ഐയുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന ഭീഷണി പ്രസംഗം നടത്തിയ എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം ഹസൻ മുബാറക്കിന്റെ വെല്ലുവിളി ആദ്യത്തേതല്ല. 2022 ഒക്ടോബർ 31ന് തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിക്ക് ഒരു വർഷമെത്തുമ്പോഴാണ് ചാലക്കുടിയിൽ എസ്.ഐയെ ആക്രമിക്കുമെന്ന ഭീഷണി. കഴിഞ്ഞ വർഷം എസ്.എഫ്.ഐയുടെ ജില്ല സെക്രട്ടറി കൂടിയായിരുന്നു ഹസൻ മുബാറക്. എം.ടി.ഐയിൽ എസ്.എഫ്.ഐ വിദ്യാർഥി സമരത്തിനിടെ കോളജിലെത്തിയ ഹസൻ മുബാറകും സംഘവുമാണ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി. ദിലീപിനെ ഭീഷണിപ്പെടുത്തിയത്.
പൊലീസിന്റെ സാനിധ്യത്തിലായിരുന്നു ഭീഷണി. വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാർഥികളും തമ്മിൽ കോളജിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ക്യാമ്പസിൽ പൊലീസിനെ വിളിച്ചു വരുത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. എസ്.എഫ്.ഐക്കാരായ ചില വിദ്യാർഥികളെ പുറത്താക്കിയതിൽ എസ്.എഫ്.ഐയുടെ പ്രതിഷേധവും തുടർന്നിരുന്നു.
എസ്.എഫ്.ഐ പ്രവർത്തകൻ തൊപ്പി ധരിച്ച് വന്നിരുന്നത് പ്രിൻസിപ്പൽ ഇൻചാർജ് ദിലീപ് ചോദ്യം ചെയ്യുകയും എടുത്ത് മാറ്റാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇത് അനുസരിച്ചില്ല. ഇതോടെ ബലമായി ദിലീപ് തൊപ്പി എടുത്ത് മാറ്റിയത് തർക്കത്തിനിടയാക്കിയിരുന്നു. ഇതിനെതിരെ പ്രിൻസിപ്പലിനെ ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങളിലേക്കും എസ്.എഫ്.ഐ കടന്നിരുന്നുവെങ്കിലും പിന്നീട് ഒന്നുമുണ്ടായിരുന്നില്ല.
പിന്നീടാണ് പൊലീസിനെ വിളിച്ചു വരുത്തി സമരവുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്യിക്കുന്ന സംഭവമുണ്ടായത്. ഇതിന് ഹസൻ മുബാറക്കിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഓഫിസിൽ എത്തി ഭീഷണിപ്പെടുത്തിയത്.
പ്രിൻസിപ്പലിന്റെ പരാതിയിൽ ഹസൻ മുബാറക്ക് അടക്കം കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.